പഹല്‍ഗാം ആക്രമണത്തിന് ശേഷം മാറുന്ന ലോക സമവാക്യങ്ങൾ
- Posted on April 29, 2025
- News
- By Goutham prakash
- 171 Views
പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ പാകിസ്ഥാന് മിസൈല്‍ അടക്കമുള്ള സഹായം നല്കാന്‍ ചൈന ഒരുങ്ങുന്നതിനിടെ, ഇന്ത്യക്ക് പിന്തുണ ആവര്‍ത്തിച്ച് അമേരിക്ക. പഹല്‍ഗാം ആക്രമണത്തില്‍ ഇന്ത്യയുടെ കൂടെ നില്‍ക്കുന്നുവെന്ന് അമേരിക്ക വ്യക്തമാക്കി. യുഎസ് ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കുകയും എല്ലാ ഭീകരപ്രവര്‍ത്തനങ്ങളെയും ശക്തമായി അപലപിക്കുകയും ചെയ്യുന്നുവെന്ന്, പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുടെയും പ്രസ്താവനകള്‍ ആവര്‍ത്തിച്ചുകൊണ്ട് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ടാമി ബ്രൂസ് വ്യക്തമാക്കി.
അഞ്ച് ദിവസത്തിന് ശേഷവും അതിര്‍ത്തിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ വിട്ടയക്കാതെ പാകിസ്ഥാന്‍. നാല് തവണ ഫ്ളാഗ് മീറ്റിംഗ് നടത്തിയിട്ടും പശ്ചിമ ബംഗാളിലെ ഹൂഗ്ളി സ്വദേശി പൂര്‍ണ്ണം കുമാര്‍ ഷായെ വിട്ടയക്കാന്‍ പാകിസ്ഥാന്‍ തയ്യാറായിട്ടില്ല. അബദ്ധത്തില്‍ അതിര്‍ത്തി കടന്ന ബിഎസ്എഫ് ജവാനെ ഇന്ത്യയുടെ തിരിച്ചടി ഒഴിവാക്കാനുള്ള കവചമായി പാകിസ്ഥാന്‍ ഉപയോഗിക്കുന്നു എന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. ജവാനെ പാകിസ്ഥാന്‍ പിടിച്ചു വച്ചിരിക്കുന്ന സാഹചര്യം അമിത് ഷാ വിലയിരുത്തി.
.
സിന്ധു നദിയിലൂടെ വെള്ളമൊഴുകിയില്ലെങ്കില്‍ ഇന്ത്യക്കാരുടെ രക്തമൊഴുകുമെന്ന് കൊലവിളി നടത്തിയ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോയ്ക്ക് മറുപടിയുമായി എ.ഐ.എം.ഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. അമ്മ ബേനസീര്‍ ഭൂട്ടോയെയും മുത്തച്ഛന്‍ സുള്‍ഫിക്കര്‍ അലി ഭൂട്ടോയെയും കൊന്നത് ആരാണെന്ന് പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് ഓര്‍മ്മിക്കണമെന്നു പറഞ്ഞ ഒവൈസി തീവ്രവാദമാണ് അവരെ കൊന്നതെന്ന് ഓര്‍മിപ്പിച്ചു.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ സൈനികനടപടി ഭയന്ന് പാകിസ്താന്‍. ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉടന്‍ ആക്രമണമുണ്ടായേക്കാമെന്നും അതിനാലാണ് തങ്ങളുടെ സൈന്യബലം വര്‍ധിപ്പിച്ചതെന്നും പാക് പ്രതിരോധ മന്ത്രി ഖവാജ മുഹമ്മദ് ആസിഫ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
