വിധിയെഴുതി കേരളം; ഫലപ്രഖ്യാപനം മെയ് നാലിന്.
- Posted on April 10, 2026
- News
- By Goutham prakash
- 118 Views
തിരുവനന്തപുരം: സംസ്ഥാനത്ത് പോളിങ് 78.03 ശതമാനം റിപ്പോർട്ട് ചെയ്തു. മെയ് 4നാണ് വോട്ടെണ്ണലും ഫല പ്രഖ്യാപനവും നടക്കുക. 2021-ലെ തെരഞ്ഞെടുപ്പിൽ കേരളത്തിലെ പോളിംഗ് ശതമാനം 74.06 ആയിരുന്നു. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത് 1960-ലാണ്, അന്ന് 85.72 ശതമാനം വോട്ടർമാരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.
1987-ലാണ് അവസാനമായി പോളിംഗ് ശതമാനം 80 കടന്നത്, അന്ന് 80.5 ശതമാനമായിരുന്നു പോളിംഗ് നില. ഇതിനുശേഷം വന്ന തെരഞ്ഞെടുപ്പുകളിൽ പോളിംഗ് ശതമാനത്തിൽ ഇടിവുണ്ടായതായി കാണാം. ഏറ്റവും ഒടുവിൽ 2021-ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 74.06 ശതമാനം പോളിംഗ് മാത്രമാണ് രേഖപ്പെടുത്തിയത്, ഇത് മുൻകാലത്തെ വലിയ മുന്നേറ്റങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ നിരക്കാണ്.
രാവിലെ ഏഴ് മണിക്ക് മുമ്പു തന്നെ പല ബൂത്തുകളിലും വോട്ടർമാർ എത്തിത്തുടങ്ങിയിരുന്നു. പലയിടങ്ങളിലും വോട്ട് ചെയ്യാൻ എത്തിയവരുടെ നീണ്ട നിരയുണ്ടായിരുന്നു. സ്ഥാനാർഥികളും ബൂത്തുകളിലേക്ക് വോട്ട് ചെയ്യാൻ എത്തി. ആറ് മണിയോടെ മോക് പോളിങ് ആരംഭിച്ചു. സ്ഥാനാർഥികളും രാവിലെ തന്നെ തങ്ങളുടെ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി.
ചില ബൂത്തുകളിൽ വോട്ടിങ് യന്ത്രം തകരാറിലായതിനെത്തുടർന്ന് പോളിങ് ആരംഭിക്കാൻ വൈകിയിരുന്നു. വോട്ടെടുപ്പിനിടയിൽ ചില സ്ഥലങ്ങളിൽ വോട്ടിങ് യന്ത്രങ്ങൾ പണിമുടക്കുകയും ചെയ്തിരുന്നു. കൂടാതെ, ചിലയിടങ്ങളിൽ യുഡിഎഫുകാർ കള്ളവോട്ട് ചെയ്ത സംഭവങ്ങളുമുണ്ടായി. സംസ്ഥാനത്ത് പോളിങ് സമയം അവസാനിച്ച് കഴിഞ്ഞിട്ടും പലബൂത്തുകളിലും നീണ്ട ക്യൂ ആയിരുന്നു.
883 സ്ഥാനാർത്ഥികൾ 23 ദിവസം നടത്തിയ ചൂടേറിയ പ്രചാരണത്തിനൊടുവിലാണ് കേരളം പോളിംഗ് ബൂത്തിലെത്തുന്നത്. 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടന്നത്. 2.71 കോടി വോട്ടർമാരാണ് വിധിയെഴുതിയത്.
കേരളത്തിലെ വോട്ടർമാരുടെ പങ്കാളിത്തത്തിൽ കാലാകാലങ്ങളിൽ വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്.
