കപ്പലപകടം: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം, (സി.എം.എഫ്ആർ.ഐ ) പഠനം തുടങ്ങി.
- Posted on May 30, 2025
- News
- By Goutham prakash
- 171 Views
സി.ഡി. സുനീഷ്
കൊച്ചി: കേരള തീരത്ത് നിന്ന് 38 നോട്ടിക്കൽ മൈൽ അകലെ നടന്ന എം എസ് സി എൽസ-3 കപ്പൽ അപകടം കടൽ പരിസ്ഥിതിയിലുണ്ടാക്കുന്ന മാറ്റങ്ങൾ മനസ്സിലാക്കാൻ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം. (സിഎംഎഫ്ആർഐ) പഠനം തുടങ്ങി. നാലംഗ സംഘങ്ങളായി എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ തീരങ്ങളിലാണ് ഇപ്പോൾ പഠനം നടക്കുന്നത്. ഈ ജില്ലകളിലെ 10 സ്റ്റേഷനുകളിൽ നിന്നെടുത്ത വെള്ളത്തിൻ്റെയും മണ്ണിൻ്റെയും സാമ്പിളുകൾ പരിശോധിച്ചുവരികയാണ്.
ഓക്സിജൻ്റെ അളവ്, അംലീകരണം, പോഷകങ്ങൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന ജലഗുണനിലവാരം പഠനവിധേയമാക്കുന്നുണ്ട്. എണ്ണ ചോർച്ചയുണ്ടോ എന്നറിയാനായി വെള്ളത്തിലെയും മണ്ണിലെയും ഓയിലിൻ്റെയും ഗ്രീസിൻ്റെയും സാന്നിധ്യവും പരിശോധിക്കുന്നുണ്ട്. സസ്യ പ്ലവകങ്ങളും തീരത്തെ മണ്ണിലുള്ള ജീവികളെയും (ബെൻ്റിക്) ശേഖരിച്ചുവരികയാണ്. നിശ്ചിത കാലയളവുകളിൽ ഈ സ്റ്റേഷനുകളിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കും.
ഗവേഷണ കപ്പലുപയോഗിച്ച് കടലിൽ നിന്നുള്ള സാമ്പിൾ ശേഖരണം ആരംഭിച്ചിരുന്നെങ്കിലും കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ തീരക്കടലുകളിൽ നിന്ന് മാത്രമാണ് സാമ്പിളുകൾ ശേഖരിക്കുന്നത്. . കാലാവസ്ഥാ അനുകൂലമായതോടെ, വരും ദിവസങ്ങളിൽ ഈ പഠനവും നടത്തും. കടലിൻ്റെ അടിത്തട്ടിലെ ജീവികളെ ഗ്രാബ് ഉപയോഗിച്ച് ശേഖരിച്ച് പഠനവിധേയമാക്കും.
പ്രതികൂല കാലാവസ്ഥ കാരണം മത്സ്യബന്ധനം സാധ്യമല്ലാത്തതിനാൽ മീനുകളിൽ പരിശോധന നടത്താൻ സാധിച്ചിട്ടില്ല.
ഇതുമായി ബന്ധപ്പെട്ട വിവിധ തരത്തിലുള്ള കടൽ മലിനീകരണം പഠനവിധേയമാക്കുമെന്ന് ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് പറഞ്ഞു. തുടർ പരിപാലന നടപടികൾക്കാവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ, പഠനഫലങ്ങൾക്കനുസരിച്ച് വിവിധ ഏജൻസികൾക്ക് നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
