*റെയിൽവെയിലെ പ്രഥമ ഹൈഡ്രജൻ ട്രെയിൻ പാളത്തിൽ*


*സി.ഡി. സുനീഷ്*



ചെന്നൈ: 


പരിസ്ഥിതി സൗഹാർദ്ദ ഹരിത റെയിൽവേ ലക്ഷ്യമിട്ട് രാജ്യം വലിയൊരു മുന്നേറ്റം നടത്തി.

ചെന്നൈയിലെ ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയിൽ ഹൈഡ്രജൻ ഊർജ്ജത്തിൽ പ്രവർത്തിക്കുന്ന ട്രെയിൻ കോച്ചിൻ്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി.

റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് തന്നെയാണ് ഈ സന്തോഷവാർത്ത എക്സ് പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെച്ചത്. പരീക്ഷണ ഓട്ടത്തിൻ്റെ വീഡിയോയും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.


1200 എച്ച്പി ശേഷിയുള്ള ഹൈഡ്രജൻ ട്രെയിനുകളാണ് വികസിപ്പിച്ചുകൊണ്ടിരിക്കുന്നതെന്നും ഇത് ഹൈഡ്രജൻ ട്രെയിൻ സാങ്കേതികവിദ്യയിൽ ആഗോളതലത്തിൽ ഇന്ത്യയെ ഒരു പ്രമുഖ ശക്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ജർമ്മനി, ഫ്രാൻസ്, സ്വീഡൻ, ചൈന തുടങ്ങിയ രാജ്യങ്ങൾക്ക് ശേഷം ഹൈഡ്രജൻ ട്രെയിനുകൾ പ്രവർത്തിപ്പിക്കുന്ന ലോകത്തിലെ അഞ്ചാമത്തെ രാജ്യമായി ഇന്ത്യ മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യയുടെ കാർബൺ രഹിത യാത്രാ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനും ഈ നീക്കം നിർണായകമാണ്. നിലവിൽ, ഡീസൽ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് ഹൈഡ്രജൻ ഫ്യുവൽ സെല്ലുകളിലേക്ക് മാറ്റുന്നതിനുള്ള 111.83 കോടി രൂപയുടെ പൈലറ്റ് പദ്ധതിയും റെയിൽവേ ആരംഭിച്ചിട്ടുണ്ട്. ഇത് നോർത്തേൺ റെയിൽവേയുടെ ജിന്ദ്-സോണിപത് പാതയിൽ സർവീസ് നടത്തും.


ഹൈഡ്രജൻ ട്രെയിനുകളുടെ പ്രാരംഭ പ്രവർത്തനച്ചെലവ് കൂടുതലാണെങ്കിലും, കാലക്രമേണ ഇത് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. “ഹെറിറ്റേജിനായുള്ള ഹൈഡ്രജൻ” എന്ന പദ്ധതിയുടെ ഭാഗമായി 35 ഹൈഡ്രജൻ ട്രെയിനുകൾ സർവീസ് നടത്താൻ റെയിൽവേ ലക്ഷ്യമിടുന്നുണ്ട്.

ഓരോ ട്രെയിനിനും ഏകദേശം 80 കോടി രൂപയും ഓരോ റൂട്ടിലെയും അടിസ്ഥാന സൗകര്യങ്ങൾക്കായി 70 കോടി രൂപയുമാണ് ചെലവ് പ്രതീക്ഷിക്കുന്നത്.


 

Author
Citizen Journalist

Goutham prakash

No description...

You May Also Like