സാർവദേശീയ സാഹിത്യോത്സവം തൃശൂരിൽ: സംഘാടക സമിതി രൂപവത്കരിച്ചു
- Posted on July 12, 2025
- News
- By Goutham prakash
- 173 Views
സി.ഡി. സുനീഷ്
ലോക സാഹിത്യത്തിന്റെ സമഗ്രമായ സംവാദങ്ങൾക്ക് തിരി തെളിയുന്ന
രണ്ടാം സാർവ്വദേശീയ
സാഹിത്യോ ഝവം തൃശൂരിൽ നടക്കും.
കേരള സാഹിത്യ അക്കാദമി ആഗസ്റ്റ് 17 മുതൽ 21 വരെ നടത്തുന്ന സാർവദേശീയ സാഹിത്യോത്സവം ILFK 2025-ന്റെ സുഗമമായ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ ചെയര്‍പേഴ്സണും അക്കാദമി സെക്രട്ടറി സി.പി. അബൂബക്കര്‍ ജനറല്‍ കണ്‍വീനറുമായി സംഘാടക സമിതി രൂപവത്കരിച്ചു. അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദനാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍. അക്കാദമി വൈസ് പ്രസിഡന്റ് അശോകന്‍ ചരുവിലിന്റെ അധ്യക്ഷതയില്‍ നടന്ന സ്വാഗതസംഘം രൂപീകരണയോഗം പ്രസിഡന്റ് കെ. സച്ചിദാനന്ദന്‍ ഉദ്ഘാടനം ചെയ്തു.
പുതിയ തലമുറയിലെ എഴുത്തുകാരുടെ പങ്കാളിത്തം പരമാവധി വര്‍ദ്ധിപ്പിക്കുകയാണ് പ്രധാനലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഇതര കലകളും സാഹിത്യവുമായുള്ള ബന്ധം ഇഴപിരിച്ചെടുക്കുന്ന തരത്തില്‍ വൈവിധ്യമാര്‍ന്ന സെഷനുകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും ഉള്ളടക്കത്തിന്റെ ഗൗരവംകൊണ്ട് ഏറ്റവും മികച്ച പരിപാടി സാഹിത്യാസ്വാദകര്‍ക്കു നല്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അക്കാദമിയുടെ പ്രധാനഹാളിന് എം.ടി. വാസുദേവന്‍ നായരുടെ പേരു നല്കാന്‍ ആലോചിക്കുന്നതായി അദ്ദേഹം അറിയിച്ചു.
സംഘാടക സമിതിയോഗത്തില്‍ ജില്ലാ കലക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍, പി.വി. കൃഷ്ണന്‍ നായര്‍, കെ.വി. അബ്ദുള്‍ ഖാദര്‍, ഡോ. വത്സലന്‍ വാതുശ്ശേരി, എന്‍. രാജന്‍, ഡോ. ആര്‍. ശ്രീലതാവര്‍മ്മ തുടങ്ങിയവര്‍ പങ്കെടുത്തു. അക്കാദമി സെക്രട്ടറി സി.പി. അബൂബക്കര്‍ സ്വാഗതവും ജനറല്‍ കൗണ്‍സില്‍ അംഗം വിജയരാജമല്ലിക നന്ദിയും പറഞ്ഞു. വിവിധ വിഭാഗങ്ങളിലായി 251 പേര്‍ സംഘാടകസമിതിയില്‍ അംഗങ്ങളാണ്. യോഗത്തില്‍ സാഹിത്യ-രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക മേഖലകളിലെ നിരവധി പേര്‍ പങ്കെടുത്തു.
