സ്വകാര്യമൂലധന നിക്ഷേപം മാലിന്യസംസ്കരണത്തില്‍ മാറ്റമുണ്ടാക്കും: മന്ത്രി പി.രാജീവ്.
- Posted on April 12, 2025
- News
- By Goutham prakash
- 241 Views
തിരുവനന്തപുരം: മാലിന്യ സംസ്‌കരണ മേഖലയില്‍ സ്വകാര്യ മൂലധനനിക്ഷേപത്തിലൂടെ കൂടുതല്‍ മാറ്റങ്ങളുണ്ടാക്കാന്‍ സാധിക്കുമെന്നും ഇത് വ്യവസായം, ടൂറിസം തുടങ്ങിയ മേഖലകള്‍ക്കും ഗുണകരമാകുമെന്നും വ്യവസായ വകുപ്പു മന്ത്രി പി. രാജീവ് പറഞ്ഞു. വൃത്തി 2025 കോണ്‍ക്ലേവിന്റെ ഭാഗമായി മാലിന്യ സംസ്‌കരണം, വെല്ലുവിളികളും നിക്ഷേപ സാധ്യതകളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി സംഘടിപ്പിച്ച ബിസിനസ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാലിന്യ സംസ്‌കരണത്തിന്റെ കാര്യത്തിലും ശുചിത്വ ബോധത്തിലും കേരളത്തില്‍ മികച്ച മാറ്റങ്ങളുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുന്‍ കാലങ്ങളില്‍ കേരളത്തിലെ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ മാലിന്യങ്ങളേക്കാള്‍ മോശപ്പെട്ട അവസ്ഥയിലായിരുന്നു. ഇത് ഈ വിഷയത്തിലുള്ള പൊതുജനങ്ങളുടെ കാഴ്ചപ്പാടിനെ സ്വാധീനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഫലപ്രദവും വിജയകരവുമായ മികച്ച മാലിന്യ സംസ്‌കരണ മാതൃകകള്‍ അവതരിപ്പിക്കാന്‍ സാധിച്ചതിലൂടെ ജനങ്ങളുടെ കാഴ്ചപ്പാട് മാറ്റിയെടുക്കാനായെന്ന് മന്ത്രി പറഞ്ഞു.
ആധുനികവും ശാസ്ത്രീയവുമായ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഉറപ്പുവരുത്തുന്നതില്‍ സ്വകാര്യ മേഖലയ്ക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്ന് ചടങ്ങില്‍ അധ്യക്ഷനായ തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എം.ബി. രാജേഷ് പറഞ്ഞു. മാലിന്യത്തില്‍നിന്ന് വരുമാനം സൃഷ്ടിക്കാന്‍കഴിയുന്ന സംരംഭങ്ങള്‍ വളര്‍ത്തുക എന്നത് സര്‍ക്കാരിന്റെ ലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി അനുപമ.ടി.വി, കെഎസ്‌ഐഡിസി എംഡി: എസ്.ഹരികിഷോര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ സീറാം സാംബശിവ റാവു, കേരള ഖരമാലിന്യ സംസ്‌കരണ പദ്ധതി പ്രൊജക്ട് ഡയറക്ടര്‍ ദിവ്യ.എസ്.അയ്യര്‍, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തന്‍, സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ: അനൂപ് അംബിക, ശുചിത്വ മിഷന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ യു.വി. ജോസ് തുടങ്ങിയവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.
ഉറവിട, കമ്യൂണിറ്റിതല മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിലും വരുമാനം ഉണ്ടാക്കുന്ന തരത്തിലുള്ള കേന്ദ്രീകൃത ജൈവമാലിന്യ സംസ്‌കരണത്തിലും മാലിന്യങ്ങളുടെ ശാസ്ത്രീയമായ സംസ്‌കരണവുമായി ബന്ധപ്പെട്ടും നിക്ഷേപ സാധ്യതകളുണ്ടെന്ന് വിഷയം അവതരിപ്പിച്ചുകൊണ്ട് സംസാരിച്ച ശുചിത്വ മിഷന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ യു.വി. ജോസ് പറഞ്ഞു. മാലിന്യ സംസ്‌കരണത്തിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടക്കമുള്ള ആധുനിക സാങ്കേതിക വിദ്യകള്‍ അടിസ്ഥാനമാക്കിയുള്ള സംവിധാനങ്ങള്‍ വികസിപ്പിച്ചെടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തുടര്‍ന്നു നടന്ന പാനല്‍ ചര്‍ച്ചയില്‍ വാഷ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശശാങ്ക വെലിദന്ത്‌ല മോഡറേറ്ററായി. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തന്‍, ബിപിസിഎല്‍ ജനറല്‍ മാനെജര്‍ സായ് പ്രകാശ്, ആന്റണി വെയ്സ്റ്റ് ഹാന്‍ഡ്‌ലിങ് സെല്‍ ലിമിറ്റഡ് വൈസ് പ്രസിഡന്റ് എന്‍.എന്‍. റാവു, റീ സസ്റ്റെയ്‌നബിലിറ്റി ലിമിറ്റഡിന്റെ തലവന്‍ സഞ്ജീവ്കുമാര്‍ സിങ്, ബ്ലൂ പ്ലാനറ്റ് എന്‍വിയോണ്‍മെന്റ് സൊല്യൂഷന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സിഇഒ പ്രശാന്ത് സിങ്, ആങ്കൂര്‍ സയന്റിഫിക് എനര്‍ജി ടെക്‌നോളജീസ് സീനിയര്‍ വൈസ് പ്രസിഡന്റ് അശോക് ചൗധരി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
