വനിതാ സംവരണ ബിൽ കാലഘട്ടത്തിന്റെ ആവശ്യം, രാജ്യത്തിന്റെ രാഷ്ട്രീയവും ദിശയും ഇത് മാറ്റി മറിക്കും: പ്രധാനമന്ത്രി.

 ന്യൂഡൽഹി. വനിതാ സംവരണ ബിൽ രാജ്യത്തി‌ന്റെ രാഷ്ട്രീയവും ദിശയും മാറ്റിമറിക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയിൽ പറഞ്ഞു. കാലങ്ങളായി മാറ്റിനിർത്തിയതിൽ രാജ്യത്തെ വനിതകളോട് പ്രായശ്ചിത്തം ചെയ്യേണ്ട സമയമാണിത്. മണ്ഡല പുനർനിർണയത്തിൽ എല്ലാ സംസ്ഥാനങ്ങൾക്കും തുല്യ പ്രാധാന്യം നൽകും. ബില്ലിന് പിന്നിൽ രാഷ്ട്രീയമില്ലെന്നും പ്രത്യയ ശാസ്ത്ര വിയോജിപ്പുകൾക്കപ്പുറം ഒരുമിച്ച് നിൽക്കേണ്ട സമയമാണിതെന്നും പ്രധാനമന്ത്രി ഓർമപ്പെടുത്തി.


"രാജ്യത്തെ ജനസംഖ്യയിൽ പകുതി വരുന്ന സ്ത്രീകളെ ഭരണത്തിന്റെ ഭാഗമാക്കാനുള്ള വലിയ അവസരമാണ് ഇത്. ഈ അവസരം കളയരുത്. വനിതാ സംവരണ ബിൽ കാലഘട്ടത്തിന്റെ ആവശ്യമാണ്. രാജ്യത്തിന്റെ വികസനയാത്രയിലെ സുപ്രധാന നിമിഷമാകും വനിതാ സംവരണ ബിൽ പാസാക്കുന്നത്. രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാണ് ബില്ലിനെ പലരും എതിർക്കുന്നത്. സ്ത്രീകൾക്ക് വേണ്ടിയുള്ള ഈ ബില്ലിനെ എതിർക്കുന്നവർക്ക് രാജ്യത്തെ സ്ത്രീകൾ മാപ്പ് നൽകില്ല.


നമ്മൾ ഒരുമിച്ച് നിന്നാൽ അതിലൂടെ ഇതിഹാസം രചിക്കാം. ഇത് ഒരു പാർട്ടിയുടെ മാത്രം രാഷ്ട്രീയ ലാഭത്തിന് ഇടയാക്കില്ല. ജനാധിപത്യത്തിനും രാജ്യ പുരോഗതിക്കും ഇത് സഹായകരമാകും. പ്രതിപക്ഷം രഹസ്യമായി ബില്ലിനെ അനുകൂലിക്കുകയുംപരസ്യമായി എതിർക്കുകയും ചെയ്യന്നു. പഞ്ചായത്തിൽ സംവരണം അനുവദിച്ചവർ തന്നെ ലോക്സഭയിൽ ഇത് അനുവദിക്കാത്തത് വിരോധാഭാസമാണ്. സ്വന്തം സ്ഥാനം പോകും എന്ന ഭയമാണ് ചിലരെ നയിക്കുന്നത്", പ്രധാനമന്ത്രിയുടെ വാക്കുകൾ.


പിന്നാക്ക വിഭാഗത്തിലുള്ള താൻ രാജ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനത്ത് എത്തിയത് ഭരണഘടനയുടെ ശക്തി കൊണ്ടാണെന്നും അതുകൊണ്ടാണ് വനിതകൾക്ക് സംവരണം ലഭിക്കാനായി എംപിമാരോട് അപേക്ഷിക്കാൻ വന്നതെന്നും മോദി പറഞ്ഞു. 2024ൽ ഇത് നടപ്പാക്കാൻ സമയം ഉണ്ടായിരുന്നില്ല. 2029ലെങ്കിലും വനിതാ സംവരണ ബിൽ യാഥാർഥ്യമാക്കാൻ എല്ലാവരും സഹകരിക്കണം. സ്ത്രീകളെ ശാക്തീകരിക്കാൻ ഒരുമിച്ച് ഒറ്റക്കെട്ടായി പ്രവർത്തിക്കണം. ഈ തീരുമാനം ആർക്കും ദോഷം ഉണ്ടാക്കില്ലെന്നും ലോക്സഭയിൽ സംസ്ഥാനങ്ങളുടെ അനുപാതം ഇതേ രീതിയിൽ തുടരുമെന്നും നരേന്ദ്ര മോദി ഉറപ്പുനൽകി.

Author
Citizen Journalist

Goutham prakash

No description...

You May Also Like