സാങ്കേതികവിദ്യയുടെ അതിപ്രസരം സത്യസന്ധമായ ഗവേഷണത്തെ ബാധിക്കരുത്: കുസാറ്റ് വി.സി.*
- Posted on May 16, 2025
- News
- By Goutham prakash
- 164 Views
* *സ്വന്തം ലേഖിക.*
കൊച്ചി: "നൂതന സാങ്കേതികവിദ്യയുടെ അതിപ്രസരം സത്യസന്ധമായ ഗവേഷണത്തെ ബാധിക്കുന്നില്ല എന്ന് ഓരോരുത്തരും ഉറപ്പ് വരുത്തണം," കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലാ (കുസാറ്റ്) വൈസ് ചാൻസലർ ഡോ. ജുനൈദ് ബുഷിരി പറഞ്ഞു. കുസാറ്റ് സ്‌കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് റിസർച്ച് ഫോറം സംഘടിപ്പിക്കുന്ന ദ്വിദിന ഡോക്ടറൽ കൊളോക്കിയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിൽ നിന്നെത്തിയ ഗവേഷകവിദ്യാർത്ഥികളോടും അധ്യാപക-ഗവേഷണരംഗത്ത് പുലർത്തേണ്ട സത്യസന്ധതയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.
സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ഡയറക്ടർ ഡോ. സക്കറിയ കെ. എ. ചടങ്ങിന്റെ അധ്യക്ഷത വഹിച്ചു. പ്രതിസന്ധികളെ കഠിനാധ്വാനം കൊണ്ട് തരണം ചെയ്യുന്നവർക്ക് മാത്രമേ യഥാർത്ഥ ഗവേഷണം നടത്താൻ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു.
ഗവേഷണത്തിന്റെ മാനവികതയെ മുൻനിർത്തിയുള്ള സമീപനത്തെക്കുറിച്ച് പ്രതിപാദിച്ചുകൊണ്ട് വിദ്യാഭ്യാസ നയരൂപീകരണ സമിതി മുൻ മെമ്പർ സെക്രട്ടറി ഡോ. ഷക്കീല ഷംസു മുഖ്യപ്രഭാഷണം നടത്തി. കോർഡിനേറ്റർ ഡോ. ദേവി സൗമ്യജ, പ്രൊഫസർ ഡോ. സാം തോമസ്, സ്റ്റുഡന്റ് കോർഡിനേറ്റർ ലാലി പത്മാവതി, എന്നിവർ സംസാരിച്ചു.
എഫ് ടി ഫിഫ്റ്റി അസോസിയേറ്റ് എഡിറ്റർ ഡോ. പ്രഭിർ വിഷ്ണു പൊരുതിയിൽ, ഇന്റർനാഷണൽ ജേർണൽ ഓഫ് കൺസ്യൂമർ സ്റ്റഡീസ് മുഖ്യ എഡിറ്റർ ഡോ. ജസ്റ്റിൻ പോൾ, ടെക്‌നോളജിക്കൽ ഫോർകാസ്റ്റിംഗ് ആൻഡ് സോഷ്യൽ ചേഞ്ച് എഡിറ്റർ ഡോ. കെ മതിഴയകൻ, കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് പ്രൊഫസർ ഡോ. അഭിലാഷ്. എസ്. നായർ എന്നിവർ വിദ്യാർത്ഥികളുമായി സംവദിച്ചു. വിവിധ ട്രാക്കുകളിലായി നൂറിലധികം വരുന്ന ഗവേഷകർ അവരുടെ വ്യത്യസ്തങ്ങളായ ആശയങ്ങൾ പങ്കുവെച്ചു.
മെയ് 16ന് നടക്കുന്ന ശില്പശാലകളോടു കൂടി കൊളോക്കിയം സമാപിക്കും.
