കാർഷിക ഉൽപ്പന്നങ്ങളുടെ വിളവെടുപ്പാനന്തര പരിപാലനം മാർഗ്ഗരേഖ പുറത്തിറക്കും കൃഷി മന്ത്രി പി.പ്രസാദ്.


തിരുവനന്തപുരം: കാർഷികോൽപാദനത്തിലെ ഒരു പ്രധാന വെല്ലുവിളിയായ വിളവെടുപ്പാനന്തര പരിപാലനത്തിൽ സംസ്ഥാനത്തിന് ആവശ്യമായ മാറ്റങ്ങൾ സൃഷ്‌ടിക്കുന്നതിനു വിളവെടുപ്പാനന്തര പരിപാലനം മാർഗ്ഗരേഖ പുറത്തിറക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. കാർഷിക ഉത്പന്നങ്ങളുടെ വിളവെടുപ്പാനന്തര പരിപാലനം എന്ന വിഷയത്തിൽ സംസ്ഥാന കാർഷിക വില നിർണയ ബോർഡ് സംഘടിപ്പിച്ച ദേശീയ ശിൽപശാല കുടപ്പനക്കുന്ന് നാഷണൽ കയർ റിസർച്ച് ആൻഡ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രധാനപ്പെട്ട 13 വിളകളിൽ സംസ്ഥാന കാർഷിക വില നിർണയ ബോർഡ് നടത്തിയ പഠനങ്ങൾ തെളിയിക്കുന്നത് സംസ്ഥാനത്തെ വിളവെടുപ്പാനന്തര നഷ്‌ടം 1507.39 കോടി രൂപയാണെന്നും ഇതിൽ കർഷകർക്ക് മാത്രം നേരിട്ടുണ്ടാകുന്ന നഷ്‌ടം 1147.71 കോടി രൂപയാണെന്നും മന്ത്രി പറഞ്ഞു. നാളികേരം, അടയ്ക്ക, കുരുമുളക്, വാഴ, കശുമാവ്, പൈനാപ്പിൾ, മാങ്ങ, മരച്ചീനി, നെല്ല്, ക്യാരറ്റ്, പയർ, പടവലം, പാവയ്ക്ക എന്നീ വിളകളിലാണ് പഠനം നടത്തിയത് അദ്ദേഹം കൂട്ടിച്ചേർത്തു. കാർഷിക വില നിർണയ ബോർഡ് സംഘടിപ്പിച്ച ദേശീയ ശിൽപശാലയിൽ ഉയർന്നുവന്ന ആശയങ്ങൾ ക്രോഡീകരിച്ച് വിവിധ ദേശീയ സ്ഥാപനങ്ങളുടെ സഹായത്തോടെ മാർഗ്ഗരേഖ പുറത്തിറക്കാനാകുമെന്നും കർഷകർക്ക് ഇത്തരത്തിൽ നേരിട്ടുണ്ടാകുന്ന നഷ്‌ടം ഒഴിവാക്കി വരുമാനവർദ്ധനവ് ഉറപ്പാക്കാനാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ടിന്റെ സാധ്യതകളും, സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ (SHM) അപേട (APEDA) നബാർഡ് (NABARD) എന്നിവയുടെ സഹായങ്ങളും വിളവെടുപ്പാനന്തര നഷ്ടം കുറയ്ക്കുന്നതിന് പാക്ക് ഹൗസുകൾ കോൾഡ് സ്റ്റോറേജ് യൂണിറ്റുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഗവേഷണ സ്ഥാപനങ്ങൾ വികസിപ്പിച്ചെടുത്ത നൂതന സാങ്കേതിക വിദ്യകൾ ഇതിന്റെ പ്രധാന ഭാഗമായി പ്രചരിപ്പിക്കും. കൃഷിഭവനകളുടെ പുതിയ ഇടപെടലുകളായി വിളവെടുപ്പാനന്തര പരിപാലനം മാറേണ്ടതുണ്ട്, സാങ്കേതിക സ്ഥാപനങ്ങളിൽ നിന്നുള്ള പരിശീലനം കൃഷിവകുപ്പിലെ ഉദ്യോഗസ്ഥർക്ക് ഇതിന്റെ ഭാഗമായി ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ദ്വിതീയ കാർഷിക മേഖലയ്ക്ക് പ്രാധാന്യം നൽകി കേരള കാർഷിക മേഖലയെ ഒരു നൂതന പന്ഥാവിലേക്ക് നയിക്കുവാനുള്ള ശ്രമങ്ങൾ ആണ് കൃഷിവകുപ്പ് ഏറ്റെടുത്ത് നടത്തി വരുന്നത്. ഒരു കൃഷിഭവൻ ഒരു ഉൽപ്പന്നം എന്ന പദ്ധതി എല്ലാ കൃഷിഭവനുകളും ഏറ്റെടുത്ത് കഴിഞ്ഞു. അടുത്തഘട്ടമായി പരിമിതമായ അളവിൽ ഉണ്ടാക്കുന്ന ഉൽപ്പന്നങ്ങൾ വിപുലപ്പെടുത്തേണ്ടതും ഉൽപ്പന്നങ്ങളുടെ വിറ്റു വരവ് വർദ്ധിപ്പിക്കേണ്ട ആവശ്യകതയും മുന്നിലുണ്ട്. ഇതിനുള്ള സാമ്പത്തിക സാങ്കേതിക സഹായം കേര പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കാർഷിക ഉൽപ്പന്നങ്ങളുടെ മൂല്യ വർദ്ധനവുമായി ബന്ധപ്പെട്ട് കൃഷിവകുപ്പ് ഏറ്റവും പ്രാധാന്യം നൽകിയ ഒരു മേഖല ഉൽപ്പന്നങ്ങളുടെ പാക്കിംഗ് ആണ്. മുംബൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കിങ്ങുമായി (IIP) സാങ്കേതികവിദ്യ കൈമാറ്റത്തിന് കൃഷിവകുപ്പ് ധാരണ പത്രം ഒപ്പു വച്ചിട്ടുണ്ട്. ഇത് ദിലീകാർഷിക മേഖലയുടെ ഉന്നമനത്തിന് കൂടുതൽ ഊർജ്ജം പകരുമെന്നും മന്ത്രി പറഞ്ഞു. 

ചടങ്ങിൽ പങ്കെടുത്ത കൃഷി വകുപ്പ്  പ്രിന്‍സിപ്പല്‍ സെക്രട്ടറി & കാര്‍ഷികോല്‍പാദന കമ്മീഷണര്‍ ഡോ. ബി അശോക് ഐ.എ.എസ്. കാലിക പ്രസക്തിയുള്ള ഒരു വിഷയം ദേശീയ ശില്പശാല നടത്തുന്നതിന് തിരഞ്ഞെടുത്തതിൽ സംസ്ഥാന കാർഷിക വില നിർണ്ണയ ബോർഡിനെ പ്രത്യേകം അഭിനന്ദിച്ചു. വിജ്ഞാന വ്യാപനം എന്നതിലുപരി കാർഷിക മേഖലയിൽ പൊതു നിക്ഷേപം കൊണ്ടുവന്ന് കർഷകരുടെ വരുമാന വർദ്ധനവ് സാധ്യമാക്കുന്ന തരത്തിൽ ഉദ്യോഗസ്ഥരുടെ പരിശ്രമങ്ങളും കഴിവും ഉപയോഗപ്പെടുത്തേണ്ടതുണ്ടെന്നും മൂല്യാധിഷ്ഠിതമായ ഉല്പാദനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രത്യേക പ്രഭാഷണം നടത്തിയ വേൾഡ് ഫുഡ് പ്രോഗ്രാം, പോളിസി ഓഫീസർ  കുമാരൻ മുരുഗേശൻ നെല്ലിന്റെ വിളവെടുപ്പാനന്തര നഷ്‌ടം ലഘൂകരിക്കുന്നതിന്റെ സാധ്യതകളെപ്പറ്റി സംസാരിച്ചു. മാങ്ങയുടെ വിളവെടുപ്പാനന്തര പരിപാലനം എന്ന വിഷയത്തിൽ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾചർ റിസർച്ച് ശാസ്ത്രജ്ഞനായ ഡോ. എ.കെ. ത്രിവേദി വിശദീകരിച്ചു. ഡ്രാഗൺ ഫ്രൂട്ട് വിളവെടുപ്പാനന്തര പരിപാലനം എന്ന വിഷയത്തിൽ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾചർ റിസർച്ച് ശാസ്ത്രജ്ഞനായ ഡോ. ഗോരക്ഷാ വാക്ചോർ വിശദീകരിച്ചു. 

കാർഷിക ഉൽപ്പന്നങ്ങളുടെ പാക്കിംഗ് മേഖലയിലെ നൂതന സാങ്കേതിക വിദ്യകൾ എന്ന വിഷയത്തിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കിംഗ് ജോയിന്റ് ഡയറക്ടർ ഡോ ബാബു റാവു ഗുദുരി വിശദീകരിച്ചു. വാഴപ്പഴത്തിലെ വിളവെടുപ്പാനന്തര പരിപാലനവും കയറ്റുമതി സാധ്യതകളും എന്ന വിഷയത്തിൽ തിരുച്ചിറപ്പള്ളി നാഷണൽ റിസർച്ച് സെന്റർ ഫോർ ബനാനയിലെ ഡോ. വി. കുമാർ പ്രബന്ധം അവതരിപ്പിച്ചു. ശില്പശാലയിൽ സി.എസ്.ഐ.ആർ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സ്റ്റഡീസ്, ചീഫ് സയന്റിസ്റ്റ് ശ്രീ. വേണുഗോപാലൻ കാർഷിക സർവകലാശാല പ്രൊഫസർമാരായ ഡോ. ഗീതാലക്ഷ്മി ഡോ. സുഷ എസ്. താര എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. വെള്ളായണി കാർഷിക കോളേജ് ഡീൻ ഡോ. റോയ് സ്റ്റീഫൻ പ്രത്യേക പ്രഭാഷണം നടത്തി. കാർഷിക വില നിർണയ ബോർഡ് ചെയർമാൻ ഡോ. പി. രാജശേഖരൻ സ്വാഗതം പറഞ്ഞ ശില്പശാലക്ക് ബോർഡ് സെക്രട്ടറി ശ്രീമതി സിന്ധു എസ് നന്ദി രേഖപ്പെടുത്തി. കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, കർഷക പ്രതിനിധികൾ, എഫ്.പി.ഒ. പ്രതിനിധികൾ, കാർഷിക വിദഗ്ധർ, കയറ്റുമതി ചെയ്യുന്നവർ സംരംഭകർ വി.എഫ്.പി.സി.കെ. കാബ്‌കോ, പൊതുമേഖല സ്ഥാപനങ്ങളിലെ പ്രതിനിധികൾ, ഗവേഷകർ തുടങ്ങിയവർ ശില്പശാലയിൽ പങ്കെടുത്തു.



സ്വന്തം ലേഖകൻ.

Author
Citizen Journalist

Goutham prakash

No description...

You May Also Like