ബോബി ചെമ്മണൂരിന്റെ അറസ്റ്റിൽ സന്തോഷമുണ്ടെന്ന് ഹണി റോസ്, പിന്തുണയുമായി ഫെഫ്ക്കയും.

കൊച്ചി


വയനാട്ടിലെ ഫാം ഹൗസിന് മുന്നില്‍ വെച്ചാണ് ബോബി ചെമ്മണ്ണൂരിനെ  ഇന്ന് കസ്റ്റഡിയിലെടുത്തത്. 


ഒളിവില്‍ പോകാതിരിക്കാനായി പുലര്‍ച്ചെ നാലുമണിമുതല്‍ പോലീസ് സംഘം ഇവിടെ കാത്തുനില്‍ക്കുകയായിരുന്നു. ഫാം ഹൗസിന് പുറത്തേക്ക് പോകാന്‍ ബോബി ചെമ്മണ്ണൂര്‍ കാറുമെടുത്ത് വരുമ്പോള്‍ പോലീസ് വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. എറണാകുളം സെന്‍ട്രല്‍ പോലീസാണ് ബോബി ചെമ്മണ്ണൂരിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. സ്ത്രീകള്‍ക്കുനേരേ അശ്ലീലപരാമര്‍ശം നടത്തുക, അത്തരം പരാമര്‍ശങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുക എന്നീ കുറ്റകൃത്യങ്ങളാണ് ചുമത്തിയിരിക്കുന്നത്.


 ബോബി ചെമ്മണ്ണൂരിനെതിരെ നടപടി എടുത്തതില്‍ സന്തോഷമുണ്ടെന്നും ആശ്വാസമെന്നും നടി ഹണി റോസ്. നീതിക്കായാണ് തന്റെ പോരാട്ടമെന്നും അത് ഫലം കാണുമെന്ന് തന്നെയാണ് വിശ്വാസമെന്നും കേസില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിയും ഉറപ്പ് നല്‍കിയിരുന്നുവെന്നും ഹണി റോസ് വ്യക്തമാക്കി. തന്റെ പ്രതികരണം കുറച്ചുകൂടി നേരത്തെയാകണമായിരുന്നു എന്ന് തോന്നിയതായും ഹണി റോസ് പ്രതികരിച്ചു.



 ബോബി ചെമ്മണൂരിന് പുറമെ ഹണി റോസിന്റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത സൈബര്‍ അധിക്ഷേപ കേസില്‍ ഫെയ്സ്ബുക്കില്‍ നിന്ന് കൊച്ചി പൊലീസ് വിവരങ്ങള്‍ തേടി. ഈ പരാതിയില്‍ മൊഴി നല്‍കിയ ഹണി റോസ് ഇന്‍സ്റ്റാഗ്രാമിലടക്കം തനിക്കെതിരെ വന്ന അധിക്ഷേപ കമന്റുകളുടെ സ്‌ക്രീന്‍ഷോട്ട് സഹിതം പൊലീസിന് കൈമാറി. അശ്ലീല കമന്റിട്ട 20 പേരെ തിരിച്ചറിഞ്ഞെന്നും നടപടി തുടരുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പ്രതികരിച്ചു. 


ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗികാധിക്ഷേപ പരാതിയില്‍ ഹണി റോസിന് പിന്തുണയുമായി സാങ്കേതിക വിദഗ്ധരുടെ കൂട്ടായ്മയായ ഫെഫ്ക. നടി തുടങ്ങിവെച്ചിരിക്കുന്ന ധീരമായ പോരാട്ടത്തിന് പിന്തുണ അറിയിക്കുന്നതായും സൈബര്‍ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെയുള്ള കൂട്ടായ പ്രതിരോധത്തിന്റെ നാന്ദിയായാണ് ഇത് കാണുന്നതെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ ഫെഫ്ക വ്യക്തമാക്കി



സ്വന്തം ലേഖിക.

Author
Citizen Journalist

Goutham prakash

No description...

You May Also Like