സ്റ്റുഡന്റസ് ബിനാലെയിൽ കലാസൃഷ്ടികളുടെ തിരഞ്ഞെടുപ്പ് കൂടുതൽ ഉദാരമാക്കുന്നതിൽ പ്രഥമ പരിഗണനയുണ്ടാകും . ആഹ്ലാദം പ്രകടിപ്പിച്ച് നിഷ് വിദ്യാർഥികൾ
- Posted on February 14, 2023
- News
- By Goutham prakash
- 257 Views
കൊച്ചി: സ്റ്റുഡന്റസ് ബിനാലെയിലേക്ക് കലാസൃഷ്ടികളുടെ തെരഞ്ഞെടുപ്പ് കൂടുതൽ ഉദാരമാക്കുന്നത് പരിഗണിക്കുമെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി. ബിനാലെ കാണാനെത്തിയ തിരുവനന്തപുരം നിഷ് (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പീച്ച് ആൻഡ് ഹിയറിംഗ്) വിദ്യാർത്ഥികളുടെ ആവശ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേൾവി, സംസാര പരിമിതരായ 40 വിദ്യാർത്ഥികളാണ് അധ്യാപകർക്കൊപ്പം രണ്ടു ദിവസം ബിനാലെ കാണാൻ മാത്രമായി എത്തിയത്. എല്ലാ വേദികളും സന്ദർശിച്ച വിദ്യാർത്ഥികൾക്ക് ബിനാലെ കലാവതരണങ്ങൾ സംബന്ധിച്ച് അധ്യാപകർ ആംഗ്യഭാഷയിൽ വിശദീകരിച്ചു. നിഷിലെ ആറുവർഷ ഫൈൻ ആർട്ട്സ് ബിരുദ കോഴ്‌സിന്റെ പെയിൻറിംഗ്, ശിൽപകല, അപ്ലൈഡ് ആർട്ട്സ് വിഭാഗങ്ങളിലെ വിവിധ ബാച്ചുകളിലുള്ളവരുടെ സംഘത്തിൽ 16 പെൺകുട്ടികളും ഉൾപ്പെട്ടു.
വിദ്യാർത്ഥികൾ കലാപ്രദർശനത്തിൽ വിസ്‌മയം പ്രകടിപ്പിച്ചതായി ഫൈൻ ആർട്ട്സ് വകുപ്പ് മേധാവി ടി എസ് രാകേഷ് പറഞ്ഞു. കേരളത്തിന് പുറത്തുള്ള ആർട്ടിസ്റ്റുകളുടെ ആവിഷ്‌കാരങ്ങൾ വിദ്യാർത്ഥികൾ ആദ്യമായിട്ടാണ് കണ്ടത്. ഇങ്ങനെയൊക്കെയും കലാസൃഷ്ടികൾ പ്രകാശിപ്പിക്കാൻ കഴിയുമോയെന്ന് ആശ്ചര്യപ്പെട്ട വിദ്യാർത്ഥികൾ ബിനാലെ ഏറെ പ്രചോദനം നൽകുന്നതാണെന്ന് പറഞ്ഞതായും അവരോട് ആശയവിനിമയം നടത്തിയശേഷം രാകേഷ് പറഞ്ഞു. ആർ വി ഷിജു, എം വി സരൂപ്, അനു ജെ രാജൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്ന മറ്റ് അധ്യാപകർ.
മട്ടാഞ്ചേരിയിലെ വേദികളിൽ സ്റ്റുഡന്റസ് ബിനാലെ കണ്ടശേഷമാണ് തങ്ങൾക്കും ഇതിൽ പങ്കെടുക്കാൻ അവസരമുണ്ടാകണമെന്ന് വിദ്യാർത്ഥികൾ അധ്യാപകരോട് ആവശ്യപ്പെട്ടത്. പരിമിതികൾ അതിനു തടസമാകരുതെന്നും അവർ പറഞ്ഞു. തുടർന്നാണ് അടുത്ത തവണ സ്റ്റുഡന്റസ് ബിനാലെയിലെ തെരഞ്ഞെടുപ്പ് കൂടുതൽ ഉദാരമാക്കുന്നത് ബിനാലെ ഫൗണ്ടേഷന്റെ ഗൗരവപരിഗണയിൽ കൊണ്ടുവരുമെന്ന് ബോസ് കൃഷ്ണമാചാരി പറഞ്ഞത്. ആവിഷ്‌കാരങ്ങളുടെ തെരഞ്ഞെടുപ്പിൽ ആത്യന്തികമായി ക്യൂറേറ്റർമാരാണ് തീരുമാനം കൈക്കൊള്ളുക.
ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റിന്റെ നിലപാട് ഏറെ പ്രതീക്ഷയും സന്തോഷവും പകരുന്നതാണെന്നും നന്ദിയുണ്ടെന്നും വിദ്യാർഥികൾ വ്യക്തമാക്കിയതായി അധ്യാപകർ പറഞ്ഞു.
പ്രത്യേക ലേഖകൻ
