ഗൃഹാതുരത്വത്തെ കലാസൃഷ്ടി ആക്കി മാറ്റി അസമീസ് കലാകാരൻ രാജാ ബോറ .

കൊച്ചി:


 സമകാലീന കലാ ലോകത്തെ അപൂർവ്വമായി മാത്രം കണ്ടുവരുന്ന രചനാ രീതിയാണ് വുഡ് കട്ട് ചിത്രങ്ങൾ. കൊച്ചി-മുസിരിസ് ബിനാലെയിൽ ശാന്തിനികേതൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കലാകാരൻ രാജാ ബോറോയുടെ 'ലാൻഡ്‌സ്‌കേപ്‌സ് ഓഫ് മെമ്മറി' (2025) എന്ന വുഡ്കട്ട് ചിത്രങ്ങൾ സന്ദർശക ശ്രദ്ധയാകർഷിച്ചു.


വില്ലിംഗ്ടൺ ഐലൻഡിലെ ഐലൻഡ് വെയർഹൗസിലാണ് ഈ കലാസൃഷ്ടി പ്രദർശിപ്പിച്ചിരിക്കുന്നത്.  ഓർമ്മകളെ ഒരു മ്യൂസിയത്തോടാണ് കലാകാരൻ ഉപമിക്കുന്നത്.


അസമിലെ തന്റെ ജന്മനാടായ രംഗിയയിലെ പ്രകൃതിദൃശ്യങ്ങളാണ് ആറ് പാനലുകൾ ചേർന്ന വുഡ്കട്ട് ചിത്രത്തിലുള്ളത്. കടുകുപാടങ്ങളും ആകാശവും മണ്ണും ഇതിൽ പ്രമേയമാണ്.


കൃഷി ഉപജീവനമാക്കിയ തന്റെ കുടുംബത്തിന്റെ ഓർമ്മകളും അമ്മയോടൊപ്പം കൃഷിയിടത്തിൽ ജോലി ചെയ്ത നിമിഷങ്ങളും ഇതിന് പ്രചോദനമായിട്ടുണ്ടെന്ന് രാജാ ബോറ പറഞ്ഞു. കല തനിക്ക്  ധ്യാനമാണെന്നും പ്രകൃതിയോടുള്ള ആശയവിനിമയമാണെന്നും രാജാ ബോറോ പറയുന്നു. മഞ്ഞ, തവിട്ട്, പച്ച നിറങ്ങൾ ചേർന്ന രണ്ടാമത്തെ വുഡ്കട്ട് ചിത്രത്തിൽ നെൽപ്പാടങ്ങളും മരങ്ങളുമാണ് പ്രമേയം.


അസമിൽ നിന്ന് രസതന്ത്രത്തിൽ ബിരുദം നേടിയ ശേഷമാണ് രാജാ കലാരംഗത്തേക്ക് എത്തിയത്. വഡോദര മഹാരാജാ സയാജിറാവു സർവകലാശാലയിൽ നിന്ന് പ്രിന്റ് മേക്കിംഗിൽ ബിരുദാനന്തര ബിരുദം നേടി. തൻ്റെ ശാസ്ത്രപഠനം നിറങ്ങൾ തിരഞ്ഞെടുക്കുന്നതിനും വുഡ്കട്ട് പാളികൾ ക്രമീകരിക്കുന്നതിനും സഹായിക്കുന്നുണ്ടെന്ന് അദ്ദേഹം കരുതുന്നു. പ്രിന്റ് മേക്കിംഗ് ഒരു കൂട്ടായ പ്രവർത്തനമാണെന്നും അത് തന്റെ ഗ്രാമത്തിലെ ഒത്തൊരുമയെ ഓർമ്മിപ്പിക്കുന്നുവെന്നും അദ്ദേഹം വിശ്വസിക്കുന്നു.


രാജയുടെ സൃഷ്ടികളിൽ ശുഭപ്രതീക്ഷയും സമാധാനവും പ്രകടമാണ്. ചന്ദ്രനെ പ്രകാശത്തിന്റെയും ഊർജ്ജത്തിന്റെയും പ്രതീകമായാണ് അദ്ദേഹം ചിത്രീകരിക്കുന്നത്. പ്രകൃതിയെ ആരാധിക്കുന്ന തന്റെ സംസ്കാരത്തിന്റെ ഭാഗമാണ് ഇത്തരം പരീക്ഷണങ്ങൾ. മറ്റ് അഞ്ചു ചിത്രങ്ങളിലായി തന്റെ കുട്ടിക്കാലത്തെ വിവിധ ഓർമ്മകൾ അദ്ദേഹം പങ്കുവെക്കുന്നു. നാരങ്ങ ഉപയോഗിച്ച് ഫുട്ബോൾ കളിച്ചിരുന്നതും ബിഹു ആഘോഷത്തിന്റെ ഭാഗമായി അച്ഛനോടൊപ്പം വിളക്ക് തെളിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. പ്രളയസമയത്ത് ചങ്ങാടത്തിൽ വൈക്കോൽ ശേഖരിക്കുന്നതും അമ്മ കഥകൾ പറഞ്ഞുതന്ന രാത്രികളും അദ്ദേഹം ചിത്രങ്ങളിലൂടെ സന്ദർശകർക്ക് മുന്നിൽ എത്തിക്കുകയാണ്.


ശാന്തിനികേതനിൽ തന്റെ പങ്കാളിയെ കണ്ടെത്തിയ നിമിഷത്തെ സൂചിപ്പിക്കുന്ന മഞ്ഞ പൂക്കളുള്ള വലിയ മരത്തിന്റെ ചിത്രവും പ്രദർശനത്തിലുണ്ട്. മരം മുറിക്കുന്നത് ഒഴിവാക്കാൻ ഭാവിയിൽ കലാമാധ്യമം തന്നെ മാറ്റാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. നിലവിൽ തന്റെ പഴയ സൃഷ്ടികൾ പുനരുപയോഗിച്ച് ശിൽപങ്ങൾ നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് രാജാ ബോറ.

Author
Citizen Journalist

Goutham prakash

No description...

You May Also Like