ഫ്രിഡ്ജ് ഭക്ഷണത്തിലെ അപകട കെണി.


മനസ്സിനെ വല്ലാതെ ഉലയ്ക്കുന്ന ഒരു വാർത്തയാണ് മലപ്പുറം കുറ്റിപ്പുറത്ത് നിന്ന് വരുന്നത്. വിശപ്പടക്കാൻ വീട്ടിലുണ്ടാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച ഭക്ഷണം കഴിച്ച ഒരു ഏഴ് വയസ്സുകാരിക്ക് സ്വന്തം ജീവൻ തന്നെ നഷ്ടപ്പെട്ടിരിക്കുന്നു. എടച്ചലം കരിമ്പനക്കൽ ഹക്കീമിന്റെ മകൾ ലസ്‌നയുടെ മരണം നമുക്കൊരു വലിയ പാഠമാണ്.


​നമ്മുടെ വീടുകളിൽ പാകം ചെയ്ത ഭക്ഷണം ഫ്രിഡ്ജിൽ വെച്ച് ഉപയോഗിക്കുമ്പോൾ നാം കാണിക്കുന്ന ചെറിയ അശ്രദ്ധകൾ പോലും എത്ര വലിയ ദുരന്തത്തിലേക്കാണ് നയിക്കുന്നതെന്ന് ഈ സംഭവം ഓർമ്മിപ്പിക്കുന്നു. ഫ്രിഡ്ജിൽ ഭക്ഷണം സൂക്ഷിക്കുമ്പോൾ 2 ദിവസത്തിൽ കൂടുതൽ പഴകിയവ ഒഴിവാക്കാനും, പുറത്തെടുക്കുമ്പോൾ നന്നായി തിളപ്പിച്ചു മാത്രം ഉപയോഗിക്കാനും ശ്രദ്ധിക്കുക. മാംസാഹാരങ്ങളും മുട്ട ചേർത്ത വിഭവങ്ങളും വേഗത്തിൽ കേടാകാൻ സാധ്യതയുള്ളതിനാൽ പ്രത്യേക ജാഗ്രത വേണം.


​"കുറ്റിപ്പുറം: വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകളുമായി ആശുപത്രിയില്‍ എത്തിയ 7 വയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു. എടച്ചലം കരിമ്പനക്കൽ ഹക്കീമിന്റെ മകൾ ലസ്‌നയാണ് മരിച്ചത്. കുട്ടിയുടെ മാതാവും, സഹോദരിയും ഉൾപ്പെടെ കുടുംബത്തിലെ 5 പേർ ചികിത്സയിലാണ്. ഭക്ഷ്യവിഷബാധയാണോ മരണകാരണമെന്ന് ആരോഗ്യവകുപ്പ് പരിശോധിച്ചുവരികയാണ്.


​ഇന്നലെ വൈകുന്നേരം മൂന്നുമണിയോടെ പൂക്കാട്ടിരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ലസ്‌നയുടെ അന്ത്യം. വയറിളക്കവും, ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ലസ്നയ്ക്കൊപ്പം മാതാവ് ഷഹല, സഹോദരി മിൻസ, ഹക്കീമിൻ്റെ പിതാവ്, മാതാവ്, സഹോദരി എന്നിവരും ഇതേ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഗർഭിണിയായ ഷഹലയ്ക്കും മകൾ മിൻസയ്ക്കും കടുത്ത ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് ഇവർക്ക് ഡ്രിപ്പ് നൽകി ചികിത്സ തുടരുന്നതിനിടയിലാണ് ലസ്‌ന പെട്ടെന്ന് കുഴഞ്ഞുവീണത്. ഉടൻ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാന്‍ ആയില്ല.

​പിന്നാലെ മറ്റുള്ളവരെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 'വീട്ടിൽ തയ്യാറാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന ഭക്ഷണമാണ് കുടുംബം കഴിച്ചതെന്നാണ് പ്രാഥമിക വിവരം.' ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഹക്കീമിന്റെ വീട്ടിലെത്തി ഭക്ഷണത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് ലാബ് പരിശോധനയ്ക്കായി അയച്ചു. കുട്ടിയുടെ മരണകാരണം സംബന്ധിച്ച് വ്യക്തത വരാൻ റിപ്പോർട്ട് അത്യാവശ്യമാണെന്ന് അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ ആരോഗ്യവകുപ്പും പോലീസും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്."


​ഈ കണ്ണീർ നമുക്കൊരു പാഠമാകട്ടെ...


​ആശുപത്രി കിടക്കയിൽ തന്റെ പൊന്നോമനയുടെ വേർപാടറിയാതെ കഴിയുന്ന ആ ഉമ്മയുടെയും കുടുംബത്തിന്റെയും വേദന വിവരിക്കാനാവാത്തതാണ്.  വിശപ്പടക്കാൻ കഴിച്ച ഭക്ഷണം ഒരു കുഞ്ഞിന്റെ ജീവനെടുക്കുന്ന ഈ അവസ്ഥ ഇനി ഒരിടത്തും ഉണ്ടാകരുത്. തിരക്കുപിടിച്ച ജീവിതത്തിനിടയിൽ "പഴയ ഭക്ഷണം" എന്ന അപകടത്തെ നാം നിസ്സാരമായി കാണരുത്. ലസ്നയുടെ കുടുംബത്തിന്റെ വേദനയിൽ നമുക്കും പങ്കുചേരാം. ഒപ്പം, നമ്മുടെ അടുക്കളകളിൽ ജാഗ്രതയുടെ കൺതുറക്കാം.

Author
Citizen Journalist

Goutham prakash

No description...

You May Also Like