ജിയോയുടെ പ്ലാനുകളിൽ വിവേചനം; ഉടൻ നിർത്തലാക്കിയില്ലെങ്കിൽ കടുത്ത നടപടിയെന്ന് ട്രായ്.

ന്യൂഡല്‍ഹി : രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവദാതാക്കളായ റിലയന്‍സ് ജിയോയ്ക്ക് തിരിച്ചടിയുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യ (ട്രായ്). ജിയോയുടെ ചില താരിഫ് പ്ലാനുകള്‍ സുതാര്യതയില്ലാത്തതും ഉപയോക്താക്കള്‍ക്കിടയില്‍ വിവേചനം കാണിക്കുന്നതുമാണെന്ന് ട്രായ് കണ്ടെത്തി. നിയമലംഘനം നടത്തുന്ന ഇത്തരം പ്ലാനുകള്‍ ഉടന്‍ നിര്‍ത്തലാക്കാനാണ് നിര്‍ദേശം.


ഈ മാസം 14‌നകം പ്ലാറ്റ്ഫോമുകളിലുടനീളം ഏകീകൃത താരിഫ് പ്ലാനുകള്‍ പ്രസിദ്ധീകരിക്കണമെന്നും ഉപകരണങ്ങള്‍ക്കനുസരിച്ചുള്ള പ്ലാനുകളിലെ നിയന്ത്രണം നീക്കണമെന്നും ട്രായ് ജിയോയോട് ആവശ്യപ്പെട്ടിട്ടു­ണ്ട്. വില കുറഞ്ഞ പ്രീപെയ്ഡ് പ്ലാനുകള്‍ വെബ്സൈറ്റിലോ ആപ്പിലോ ലഭ്യമാക്കാതെ റീട്ടെയ്ല്‍ സ്റ്റോറുകള്‍ വഴി മാത്രം നല്‍കുന്നത് ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് റെഗുലേറ്റര്‍ നിരീക്ഷിച്ചു. എല്ലാ പ്ലാറ്റ്ഫോമുകളിലും എല്ലാ പ്ലാനുകളും ഉപയോക്താക്കള്‍ക്ക് ഒരുപോലെ ലഭ്യമാകണം എന്ന 2020ലെ ഉത്തരവ് ജിയോ ലംഘിച്ചതായാണ് ട്രായുടെ വിലയിരുത്തല്‍.


ജിയോ ഫോണ്‍, ജിയോ ഭാരത് തുടങ്ങിയ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മാത്രം നല്‍കുന്ന പ്രത്യേക പ്ലാനുകളും ഇപ്പോള്‍ ട്രായുടെ നിരീക്ഷണത്തിലാണ്. ഇത്തരം "ഉപകരണ-നിര്‍ദിഷ്ട' പ്ലാനുകള്‍ വിവേചനപരമാണെന്ന് റെഗുലേറ്റര്‍ കുറ്റപ്പെടുത്തി.


ഈ പ്ലാനുകള്‍ പുനഃക്രമീകരിക്കാന്‍ ജിയോയ്ക്ക് നിര്‍ദേശം ‌നല്‍കിയിട്ടു­ണ്ട്. തങ്ങളുടെ പ്ലാനുകള്‍ ശാസ്ത്രീയമായ മാനദണ്ഡങ്ങള്‍ അടിസ്ഥനമാക്കിയുള്ളതാണെന്നും പ്രത്യേക ഉപഭോക്തൃ വിഭാഗങ്ങളെ ലക്ഷ്യം വച്ചുള്ളതാണെന്നും ജിയോ വാദിച്ചെങ്കിലും ട്രായ് അത് തള്ളി.


ട്രായുടെ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ജിയോ വന്‍ പിഴ നേരിടേണ്ടി വരും. ആദ്യ ലംഘനത്തിന് ഒരു ലക്ഷം രൂപ വരെയും, തുടര്‍ച്ചയായ ലംഘ‌നങ്ങള്‍ക്ക് പ്രതിദിനം അധിക പിഴയും ഈടാക്കാന്‍ 1997ലെ ട്രായ് ആക്റ്റ് പ്രകാരം വ്യവസ്ഥയുണ്ട്.

Author
Citizen Journalist

Goutham prakash

No description...

You May Also Like