കഴുകന്മാരുടെ പറുദീസയിൽ എത്തിയ മലയാളി സഞ്ചാരി.
- Posted on November 21, 2025
- News
- By Goutham prakash
- 513 Views
സി.ഡി. സുനീഷ്.
ലോകത്തെ മാലിന്യ മലകൾ വൃത്തിയാക്കുന്നതിൽ മുന്നിൽ നിൽക്കുന്ന കഴുകന്മാരുടെ പറുദീസയിൽ മലയാളി സഞ്ചാരിയായ സുസ്മിത് എസ് മോഹൻ എത്തിയത് യാദൃചീകമായാണ്.
രാജസ്ഥാനിലെ ബിക്കാനീറിനടുത്തുള്ള മരുഭൂ പ്രവിശ്യ ചത്ത മൃഗങ്ങളുടെ നിക്ഷേപ കേന്ദ്രമായ ജോദ്‌ബീദ് ഗഡ്‌വാല കൺസർവേഷൻ റിസർവ് ഇന്നറിയപ്പെടുന്നത് കഴുകന്മാരുടെ പറുദീസയായാണ്.
മാത്രമല്ല
വംശനാശഭീഷണി നേരിടുന്ന Long billed,and White Rumped, കഴുകൻമാരുടെ നിലനിൽപ്പിന് ഈ സ്ഥലം കാരണമാകുന്നുണ്ട് എന്നതും വളരെ പ്രധാനമാണ്.
ഔദ്യോഗികമായി ഒരു സംരക്ഷണ കേന്ദ്രമാകുന്നതിന് മുമ്പുള്ള ഈ സ്ഥലത്തിൻ്റെ ചരിത്രത്തിന് ഒരു നൂറ്റാണ്ടിലധികം പഴക്കമുണ്ട്.
ബിക്കാനീറിലെ രാജാവായിരുന്ന മഹാരാജ ഗംഗാ സിംഗ് ഔദ്യോഗികമായി മൃഗങ്ങളുടെ ശവങ്ങൾ സംസ്കരിക്കാനുള്ള സ്ഥലമായി (മുർദാഗാടി) ജോർബീറിനെ നിശ്ചയിച്ചു. രാജകീയ വാസസ്ഥലങ്ങളിൽ നിന്ന് അകലെയായിരുന്നു ഈ സ്ഥലം തിരഞ്ഞെടുത്തത്. ബിക്കാനീറിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നുമുള്ള വളർത്തുമൃഗങ്ങളുടെ (കന്നുകാലികൾ, ഒട്ടകങ്ങൾ മുതലായവ) ശവങ്ങൾ നിക്ഷേപിക്കുന്നതിനുള്ള പ്രധാന സ്ഥലമായി മാറി... ഇവിടെ കൊണ്ട് പോയി നിക്ഷേപിച്ച് തൊലി എടുത്ത് കൊട്ടാരത്തിൽ കൊണ്ട് വരുമായിരുന്നുവെന്ന് സുസ്മിത് വ്യക്തമാക്കി.
ഇന്ത്യൻ സാമൂഹിക പശ്ചാത്തലത്തിൽ, ചരിത്രപരമായി മൃഗങ്ങളുടെ ശവങ്ങൾ നീക്കം ചെയ്യുന്നതും സംസ്കരിക്കുന്നതും തോലെടുക്കുന്നതും പോലുള്ള ജോലികൾ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന, പ്രത്യേക സമുദായങ്ങളിൽപ്പെട്ടവരാണ് ചെയ്തിരുന്നത്. ഈ ജോലികൾ അവരുടെ പരമ്പരാഗത തൊഴിലിൻ്റെ ഭാഗമായി കണക്കാക്കിയിരുന്നു.
രാജസ്ഥാനിലെയും വടക്കേ ഇന്ത്യയിലെയും ചില പ്രദേശങ്ങളിൽ ഈ ജോലി പരമ്പരാഗതമായി ചമാർ അല്ലെങ്കിൽ മേഘ്‌വാൾ പോലുള്ള, നിലവിൽ പട്ടികജാതി (Scheduled Caste - SC) വിഭാഗത്തിൽ ഉൾപ്പെടുന്ന സമുദായങ്ങളാണ് ചെയ്തിരുന്നത്.
നിലവിൽ, ബിക്കാനീറിലെ ജോർബീർ കൺസർവേഷൻ റിസർവ് സംസ്ഥാന വനംവകുപ്പിൻ്റെയും ബിക്കാനീർ മുനിസിപ്പൽ കോർപ്പറേഷൻ്റെയും മേൽനോട്ടത്തിലാണ് പ്രവർത്തിക്കുന്നത്. മൃഗങ്ങളുടെ ശവങ്ങൾ സുരക്ഷിതമായി നിക്ഷേപിക്കാനുള്ള ഉത്തരവാദിത്തം കോർപ്പറേഷനാണ്. ശവങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള യഥാർത്ഥ തൊഴിലാളികൾ പലപ്പോഴും ഈ പരമ്പരാഗത സമുദായങ്ങളിൽ നിന്നുള്ളവർ തന്നെയാണ്. അവർ കരാറുകാരായോ കോർപ്പറേഷൻ്റെ തൊഴിലാളികളായോ ഈ ജോലി തുടർന്നുപോരികയാണിന്നുമെന്ന് സുസ്മിത് മനസ്സിലാക്കി.
വനം വകുപ്പും മുനിസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥരും നിക്ഷേപിക്കുന്ന ശവങ്ങൾ ഡൈക്ലോഫെനാക് പോലുള്ള ഹാനികരമായ മരുന്നുകളിൽ നിന്ന് മുക്തമാണെന്ന് ഉറപ്പാക്കുന്ന ഒരു "Vulture Restuarant" കഴുകന്മാരുടെ ഭോജന ശാലയായി ഇന്ന് മാറിയെന്നത്
സവിശേഷത ഉണ്ടാക്കുന്നു.
പ്രത്യേകിച്ച് ശൈത്യകാലത്ത്, സ്റ്റെപ്പി ഈഗിളുകൾ ഉൾപ്പെടെയുള്ള ദേശാടന ഇരപിടിയൻ പക്ഷികൾ ധാരാളമായി ഇവിടെയെത്തുന്നത് കാരണം, ലോകമെമ്പാടുമുള്ള പക്ഷിശാസ്ത്രജ്ഞർക്കും പക്ഷി നിരീക്ഷകർക്കും ഉപകാരപ്രദമായ സ്ഥലം കൂടെ ആണ് ഇത്..
നിലവിലെ ഇവിടത്തെ പ്രധാന പ്രശ്നം പ്ലാസ്റ്റിക് മാലിന്യങ്ങളാണ്
പൊതുവേ നോർത്തിന്ത്യയിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന പശുക്കൾ മാലിന്യത്തിൽ നിന്നും ഭക്ഷണം കഴിക്കുമ്പോൾ പ്ലാസ്റ്റിക് അകത്ത് ചെല്ലുന്നത് പതിവാണ്.. പ്രധാനമായും ഇവരുടെ മരണത്തിന് കാരണമാകുന്നതും പ്ലാസ്റ്റിക്കാണ്. പശു ചത്തുപോകുമ്പോൾ ഈ പ്ലാസ്റ്റിക് മാലിന്യങ്ങൾ നശിക്കാതെ അവരുടെ ആന്തരികാവയവങ്ങൾക്കുള്ളിൽ നിലനിൽക്കും.
ജോദ്‌ബീദ് ഗഡ്‌വാല കൺസർവേഷൻ റിസർവ്, മൃഗങ്ങളുടെ ശവം നിക്ഷേപിക്കുമ്പോൾ, കഴുകന്മാർ മാംസം ഭക്ഷിക്കാനായി ശവം കീറിമുറിക്കും. അപ്പോൾ ആമാശയത്തിനുള്ളിലെ ഈ പ്ലാസ്റ്റിക് മാലിന്യം പൂർണ്ണമായും പുറത്തുവരും. കഴുകന്മാർ മാംസത്തോടൊപ്പം ഈ ചെറിയ പ്ലാസ്റ്റിക് കഷണങ്ങൾ അറിയാതെ കഴിക്കാനുള്ള സാധ്യതയുണ്ട്. ഇത് കഴുകൻമാരുടെ ദഹനവ്യവസ്ഥയെയും ദോഷകരമായി ബാധിക്കും. ഭാവിയിൽ മൈക്രോ പ്ലാസ്റ്റിക്കുകൾ അകത്ത് ചെന്ന് ഈ കഴുകന്മാരും ഇല്ലാതാവാൻ ഇതും ഒരു കാരണമാകാമെന്ന് സുസ്മിത് എൻ. മലയാളത്തോട് പറഞ്ഞു.
ശവങ്ങൾ കൊണ്ടുവരുമ്പോൾ അത് കെട്ടാനോ പൊതിയാനോ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകൾ, കയറുകൾ, അല്ലെങ്കിൽ മറ്റ് പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ എന്നിവയും ഒപ്പം നിക്ഷേപിക്കപ്പെടുന്നുവെന്നതും ഏറെ വേദനയുണ്ടാക്കുന്ന അനുഭവമാണെന്ന് സുസ്മിത് അടിവരയിട്ടു.
സഞ്ചാരിയും ഫോട്ടോഗ്രാഫിയിൽ തല്പരനായ സുസ്മിത് നല്ല ചിത്രങ്ങൾ മൊബൈലിൽ ഒപ്പിയെടുത്തിട്ടുണ്ട്.
ജോദ്‌ബീദ് ഗഡ്‌വാല കൺസർവേഷൻ റിസർവ്.
.
ജോദ്ബീദ് ഗഢ്‌വാല കൺസർവേഷൻ റിസർവ് അല്ലെങ്കിൽ ജോർബീദ് കൺസർവേഷൻ റിസർവ് അല്ലെങ്കിൽ ജോർബീർ ഇന്ത്യയിലെ രാജസ്ഥാനിലെ ബിക്കാനീർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു സംരക്ഷിത പ്രദേശമാണ് . 2008 നവംബർ 25 ന് രാജസ്ഥാൻ സർക്കാർ P.3(22)/വാൻ/2008 എന്ന ഓർഡർ നമ്പർ പ്രകാരം ഇത് വിജ്ഞാപനം ചെയ്തു. ഏകദേശം 56.47 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ റിസർവ് രാജസ്ഥാൻ വനം വകുപ്പാണ് കൈകാര്യം ചെയ്യുന്നത്. റാപ്റ്ററുകളുടെ, പ്രത്യേകിച്ച് കഴുകന്മാരുടെ , എണ്ണം കുറയുന്നത് സംരക്ഷിക്കുന്നതിനാണ് ഇത് പ്രധാനമായും സൃഷ്ടിച്ചത് .
കഴുകന്മായ നമ്മൾ അകറ്റി നിർത്തേണ്ട പക്ഷിയല്ല വൃത്തിയുടെ രാജാവായി മാലിന്യ മലകൾ വൃത്തിയാക്കുന്ന കഴുകന്മാർ നമ്മുടെ നില നില്പിന് അനിവാര്യമായ മുറിയാതെ നോക്കേണ്ട കണ്ണിയാണ്.
