കെ സ്മാർട്ട് ഇന്ന് മുതൽ ത്രിതല പഞ്ചായത്തുകളിലും.

കേരളത്തിലെ നഗരഭരണ സംവിധാനത്തെ പുനർനിർവചിച്ച കെ സ്മാർട്ട് പ്ലാറ്റ്ഫോം ത്രിതല പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുകയാണ്. തദ്ദേശ സ്വയം ഭരണ വകുപ്പിന് വേണ്ടി ഇൻഫർമേഷൻ കേരളാ മിഷൻ (ഐകെഎം) രൂപകൽപ്പന ചെയ്ത പ്ലാറ്റ്ഫോമാണ് K-SMART അഥവാ കേരള സൊല്യൂഷൻസ് ഫോർ മാനേജിംഗ് അഡ്മിനിസ്ട്രേറ്റീവ് റീഫർമേഷൻ ആൻഡ് ട്രാൻസ്ഫർമേഷൻ കെ സ്മാർട്ട് പഞ്ചായത്തുകളിലേക്ക് കൂടി വ്യാപിപ്പിക്കുന്നതോടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ എല്ലാ സേവനങ്ങളും ഓൺലൈനിൽ ലഭ്യമാവുകയാണ്.  രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം പ്രാദേശിക സർക്കാരുകളുടെ എല്ലാ സേവനങ്ങളും ഓൺലൈനിൽ ഒരുക്കിനൽകുന്നത്. ജനന-മരണ-വിവാഹ രജിസ്ട്രേഷൻ മുതൽ വസ്തു നികുതിയും, കെട്ടിട നിർമാണ പെർമിറ്റും വരെ നിരവധിയായ ആവശ്യങ്ങൾ നേടിയെടുക്കാൻ ജനങ്ങൾക്ക് അതാത് തദ്ദേശ സ്ഥാപനങ്ങളെ സമീപിക്കേണ്ടതുണ്ട്. വിവിധങ്ങളായ സേവനങ്ങൾ ലഭ്യമാക്കുന്നതിന് വിവിധ സോഫ്റ്റ്വെയറുകളെ ആശ്രയിക്കേണ്ടി വരുന്ന സ്ഥിതിവിശേഷത്തെ മാറ്റിക്കൊണ്ട് ഒറ്റ പ്ലാറ്റ്ഫോമിലൂടെ തദ്ദേശ സ്വയം ഭരണ സ്ഥാപന ഓഫീസിലെത്താതെ തന്നെ ഈ സേവനങ്ങളെല്ലാം വിരൽത്തുമ്പിൽ ലഭ്യമാക്കാൻ കെ സ്മാർട്ടിലൂടെ കഴിയുന്നു. സമയബന്ധിതമായി സേവനം ഉറപ്പാക്കുന്നതിനൊപ്പം ജീവനക്കാരുടെ ജോലിഭാരം വൻതോതിൽ കുറയ്ക്കാനും അഴിമതിക്കുള്ള സാധ്യത പരമാവധി ലഘൂകരിക്കാനും കെ സ്മാർട്ടിന് കഴിയുന്നു.


കെ സ്മാർട്ട് ത്രിതല പഞ്ചായത്തുകളിലേക്ക് വിന്യസിക്കുന്നതിന്റെ ഉദ്ഘാടനം ഇന്ന്(ഏപ്രിൽ 10ന്) രാവിലെ 10.30ന് തിരുവനന്തപുരം ഉദയാ പാലസ് കൺവെൻഷൻ സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷനേതാവ് വി ഡി സതീശൻ, മന്ത്രിമാരായ കെ രാജൻ, കെ എൻ ബാലഗോപാൽ, വി ശിവൻകുട്ടി, ജി ആർ അനിൽ, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ തുടങ്ങിയവർ സംസാരിക്കും. ഇതോടെ നിലവിൽ കെ സ്മാർട്ട് വിന്യസിച്ചിട്ടുള്ള 87 മുൻസിപ്പാലിറ്റികൾക്കും 6 കോർപറേഷനുകൾക്കുമൊപ്പം 941 ഗ്രാമ പഞ്ചായത്തുകളിലും 152 ബ്ലോക്ക്, 14 ജില്ല പഞ്ചായത്തുകളിലും കെ സ്മാർട്ട് ലഭ്യമാവും.  കെ-സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ ഗ്രാമപഞ്ചായത്തുകളില്‍ വിന്യസിക്കുന്നതിന്റെ ഭാഗമായുള്ള പൈലറ്റ് ലോഞ്ച് തിരുവനന്തപുരം ജില്ലയിലെ കരകുളം ഗ്രാമപഞ്ചായത്ത്, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളില്‍ 2025 ജനുവരി 1 മുതൽ ആരംഭിച്ചിരുന്നു. 


കെ സ്മാർട്ട് നഗരഭരണത്തെ എങ്ങനെ മാറ്റി


1. 2024 ജനുവരി മുതൽ 2025 മാർച്ച് 31 വരെ കെ സ്മാർട്ടിലൂടെ ആകെ കൈകാര്യം ചെയ്ത ഫയലുകൾ 35.65 ലക്ഷമാണ്. ഇതിൽ 26.98 ലക്ഷം (75.7%) ഫയലുകളും തീർപ്പാക്കിക്കഴിഞ്ഞു. പൊതുജനങ്ങൾക്ക് ഓരോ അപേക്ഷയും എവിടെ ആരുടെ പരിഗണനയിലാണെന്നും, എത്ര സമയം ഓരോ സീറ്റിലും ഫയൽ താമസിക്കുന്നുവെന്നും കൃത്യമായി അറിയാനാവും. അപേക്ഷിക്കാൻ മാത്രമല്ല, സർട്ടിഫിക്കറ്റ് വാങ്ങാനും തദ്ദേശ സ്വയം ഭരണ സ്ഥാപന ഓഫീസിൽ പോകേണ്ടതില്ല. വാട്ട്സാപ്പിൽ ലഭിക്കും.


2. കെ സ്മാർട്ട് വിന്യസിച്ചതോടെ പൊതുജനങ്ങൾക്ക് സേവനത്തിനായി കാത്തിരിക്കേണ്ടിവരുന്നില്ല. അതിവേഗത്തിലാണ് എല്ലാ കാര്യങ്ങളും നിർവഹിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് സിസ്റ്റം തന്നെ പരിശോധന നടത്തുന്നുവെന്നതും, പരിശോധനകളുടെ ഉദ്യോഗസ്ഥ തലത്തിലെ തട്ടുകൾ കുറച്ചതും ഇതിന് സഹായകരമായി.



3. വീഡിയോ കെ വൈ സിയിലൂടെയുള്ള വിവാഹം രാജ്യത്ത് ആദ്യമായി നടപ്പിലാക്കിയത് കേരളമാണ്, കെ സ്മാർട്ടാണ്. നേരത്തെ വധൂ വരൻ മാർ ഓഫീസിൽ വന്ന് അപേക്ഷ സമർപ്പിക്കണമായിരുന്നു. ഇത് മാറ്റി, വധുവിനും വരനും ലോകത്ത് എവിടെയിരുന്നും ഏത് സമയത്തും വീഡിയോയിലൂടെ വേരിഫൈ ചെയ്ത് വിവാഹം രജിസ്റ്റർ ചെയ്യാനാവുന്ന സ്ഥിതി വന്നു. സംസ്ഥാനത്ത് 2024 ജനുവരി മുതൽ 2025 മാർച്ച് 31 വരെ രജിസ്റ്റർ ചെയ്ത 63001 വിവാഹങ്ങളിൽ 21344ഉം ഈ സൌകര്യം ഉപയോഗിച്ചാണ് ചെയ്തത്. 


4. 300 ചതുരശ്ര മീറ്റർ വരെയുള്ള ബിൽഡിംഗ് പെർമ്മിറ്റുകൾ കെ സ്മാർട്ടിൽ അപേക്ഷിച്ചാലുടൻ ലഭിക്കുന്നു. ശരാശരി പെർമ്മിറ്റ് ലഭിക്കാനെടുക്കുന്ന സമയം 9 സെക്കന്റാണ്. ഇങ്ങനെയുള്ള 28393 പെർമ്മിറ്റുകൾ വിതരണം ചെയ്തിട്ടുണ്ട്. മുൻപ് ആഴ്ചകളും മാസങ്ങളുമെടുത്തിരുന്ന പ്രക്രീയയാണ് ഇത്. ലൈസൻസ് പുതുക്കൽ സെൽഫ് ഡിക്ലറേഷന്റെ അടിസ്ഥാനത്തിൽ ഒരു മിനുട്ടിനകം ചെയ്യാനാവുന്നതിനുള്ള സൌകര്യം വൈകാതെ കെ സ്മാർട്ടിൽ ലഭ്യമാവും. നിലവിൽ 15 ദിവസങ്ങൾ വേണ്ടിവരുന്ന കാര്യമാണിത്. 



5. ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റിയിൽ നിന്ന് ഒരു ജനന സർട്ടിഫിക്കറ്റ് ലഭിച്ചത് 6.45 മിനുട്ട് കൊണ്ടാണ്. തിരുവനന്തപുരം കോർപറേഷനിൽ നിന്നാണ് സംസ്ഥാനത്തെ ഏറ്റവും വേഗത്തിലുള്ള മരണസർട്ടിഫിക്കറ്റ് ലഭിച്ചത്, 8.54 മിനുട്ടുകൊണ്ട്. 23.56 മിനുട്ടുകൊണ്ട് വിവാഹ സർട്ടിഫിക്കറ്റ് ലഭ്യമാക്കി ഗുരുവായൂർ മുൻസിപ്പാലിറ്റിയാണ് ഈ വിഭാഗത്തിൽ മുന്നിൽ. ഇത് വേഗത്തിലുള്ള സർട്ടിഫിക്കറ്റുകളാണ്. സേവനങ്ങൾ നൽകാനുള്ള ശരാശരി സമയം ആഴ്ചകളിൽ നിന്ന് മണിക്കൂറുകളായി കെ സ്മാർട്ടിലൂടെ കുറഞ്ഞു.


6. ഫയൽ തീർപ്പാക്കലിലെ കാലതാമസവും ചുവപ്പുനാടയും എല്ലാക്കാലത്തും പ്രത്യേകിച്ച് തദ്ദേശ സ്വയം ഭരണ വകുപ്പിനെക്കുറിച്ചുള്ള പരാതിയാണല്ലോ. കെ സ്മാർട്ടിൽ 4.43 ലക്ഷം ഫയലുകൾ (16.45%) തീർപ്പാക്കിയത് ഒരു മണിക്കൂറിനുള്ളിലാണ്. 9.7 ലക്ഷം അഥവാ 35.96% ഫയലുകൾ തീർപ്പാക്കിയത് 24 മണിക്കൂറിനുള്ളിലും.



7. നഗരസഭകളിലെ ജീവനക്കാർ കെ സ്മാർട്ടിന് നൽകിയ പിന്തുണ അതുല്യമായിരുന്നു. 1.63 ലക്ഷം ഫയലുകൾ (6.06%) തീർപ്പാക്കിയത് അവധി ദിനങ്ങളിലായിരുന്നു. 3.5 ലക്ഷം ഫയലുകൾ (12.99%) പ്രവർത്തി സമയത്തിന് ശേഷമാണ് തീർപ്പാക്കിയിരിക്കുന്നത്. ന്യൂനപക്ഷം ജീവനക്കാരുടെ ചില കുറ്റങ്ങളും കുറവുകളും ചൂണ്ടിക്കാട്ടുമ്പോഴും, അവധി ദിനത്തിലും അർധരാത്രിയിലുമിരുന്നും ഫയലുകൾ തീർപ്പാക്കി ജനപക്ഷത്ത് നിലയുറപ്പിച്ച അനവദി ജീവനക്കാർ നഗരസഭകളിൽ പ്രവർത്തിക്കുന്നു എന്നതുകൂടി ഓർക്കണം.


8. കെ സ്മാർട്ടിൽ കെട്ടിടം ലിങ്ക് ചെയ്താൽ ബിൽഡിംഗ് സർട്ടിഫിക്കറ്റ് അപേക്ഷയൊന്നും നൽകാതെ തന്നെ ഡൌൺലോഡ് ചെയ്തെടുക്കാനാവും. മുൻപ് നൽകിയിരുന്ന ഏഴ് സർട്ടിഫിക്കറ്റുകൾക്ക് പകരമാണ് ഈ സർട്ടിഫിക്കറ്റ്. അപേക്ഷ പോലും നൽകാതെ ഏത് സമയത്തും ഡൌൺലോഡ് ചെയ്ത് എടുക്കാനാവും. 



9. ഒരു സ്ഥലം വാങ്ങുന്നതിന് മുൻപോ കെട്ടിടം നിർമ്മിക്കുന്നതിന് മുൻപോ, ആ സ്ഥലത്ത് എന്തൊക്കെ നിയന്ത്രണങ്ങൾ ബാധകമാണ് എന്ന് പരിശോധിക്കാനാവുന്ന ‘നോ യുവർ ലാൻഡ്’ ഈ മേഖലയിലെ വിപ്ലവകരമായ ചുവടുവെപ്പാണ്. വീടിന്റെ പരിസരത്ത് എന്തൊക്കെ നിർമ്മാണ പ്രവർത്തനം നടക്കുന്നുവെന്ന് എല്ലാവർക്കും അറിയാനാവുന്ന കെ മാപ്പും കെ സ്മാർട്ടിൽ വിന്യസിച്ചിട്ടുണ്ട്. 


10. കരാറുകാരും സപ്ലൈയർമാരും ബില്ലുകൾ മാറിക്കിട്ടാൻ പഞ്ചായത്തോ നഗരസഭയോ കയറിയിറങ്ങുന്ന സ്ഥിതിക്കും അവസാനമാവുകയാണ്. കെഫ്റ്റ് (കെ സ്മാർട്ട് ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ) എന്ന ഡിജിറ്റൽ പേയ്മെന്റ് സംവിധാനം  വികസിപ്പിച്ചെടുത്തു. ബില്ലുകൾ ഓൺലൈനായി നൽകാം, ഒരു മണിക്കൂറിനുള്ളിൽ കരാറുകാരുടെ അക്കൌണ്ടിൽ പണമെത്തും. ബിൽ തുക നൽകുമ്പോഴുള്ള അഴിമതിയുടെ സാധ്യത ഇതോടെ അവസാനിപ്പിക്കാനാവും.

Author
Citizen Journalist

Goutham prakash

No description...

You May Also Like