മെഡിക്കൽ കോളെജിലെ സി.റ്റി. സ്കാനിംഗ് പഴയ പടിയാക്കണം : മനുഷ്യാവകാശ കമ്മീഷൻ.
- Posted on May 08, 2025
- News
- By Goutham prakash
- 170 Views
തിരുവനന്തപുരം : മെഡിക്കൽ കോളേജ് ആശുപത്രിയിലെ റേഡിയോ ഡയഗ്നോസിസ് വകുപ്പും ന്യൂറോളജി വകുപ്പും തമ്മിൽ നിലനിൽക്കുന്ന പ്രശ്നം പരിഹരിച്ച് നേരത്തെ ഉണ്ടായിരുന്നതു പോലെ ദിവസം 60 പേർക്ക് സ്കാനിംഗ് നടത്താനുള്ള നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
സ്വീകരിച്ച നടപടികൾ മൂന്നാഴ്ചക്കകം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ കമ്മീഷനിൽ സമർപ്പിക്കണം. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും വിഷയത്തിൽ ഇടപെട്ട് മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം. മെഡിക്കൽ കോളേജ് സൂപ്രണ്ടും റിപ്പോർട്ട് നൽകണം.
അടുത്ത മാസം കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ ആരോഗ്യ സെക്രട്ടറി, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, മെഡിക്കൽ കോളേജ് സൂപ്രണ്ട് എന്നിവരുടെ പ്രതിനിധികൾ ഹാജരായി തൽസ്ഥിതി വിശദീകരിക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു.റേഡിയോ ഡയഗ്നോസിസ്, ന്യൂറോളജി വകുപ്പുകൾ തമ്മിലുള്ള തർക്കം ഒത്തുതീർപ്പാക്കിയിട്ടും സി.റ്റി. സ്കാനിംഗ് ദിവസം 10 ൽ താഴെ മാത്രമാണ് നടക്കുന്നതെന്നാരോപിക്കുന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. രോഗികൾ സ്കാനിംഗിന് വേണ്ടി മാസങ്ങൾ കാത്തിരിക്കേണ്ട ദുരവസ്ഥയിലാണെന്ന് പരാതിയുണ്ട്.
