ജർമനിയിലേക്ക് ഓട്ടോമോബൈൽ ടെക്നീഷ്യൻമാരുടെ റിക്രൂട്ട്മെന്റ് നോര്‍ക്ക റൂട്ട്സും ജര്‍മ്മന്‍ കമ്പനിയുമായി കരാര്‍ കൈമാറി.
- Posted on December 23, 2025
- News
- By Goutham prakash
- 100 Views
കേരളത്തിൽ നിന്നും ജർമനിയിലേക്ക് ഓട്ടോമോബൈൽ ടെക്‌നീഷ്യൻമാരെ റിക്രൂട് ചെയ്യുന്നതിന് പ്രമുഖ ജർമന്‍ സ്വകാര്യ കമ്പനിയായ TUV റൈൻ ലാൻഡുമായി നോര്‍ക്ക റൂട്ട്സ് കരാര്‍ ഒപ്പിട്ടു. നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരിയും, TUV റൈൻ ലാൻഡ് കമ്പനിയുടെ ബാംഗ്ലൂർ ഇന്ത്യൻ ഓഫീസിലെ അസ്സിസ്റ്റന്റ് വൈസ് പ്രസിഡന്റ് അജയ് മേനോനും തമ്മില്‍ കരാര്‍ കൈമാറി. ഓട്ടോമൊബൈൽ/ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബി.ടെക്ക്/ഡിപ്ലോമ അല്ലെങ്കിൽ ഡീസൽ മെക്കാനിക് മോട്ടോർ വെഹിക്കിൾ മെക്കാനിക്കിൽ ഐ.റ്റി.ഐ യോഗ്യതയും പാസഞ്ചർ കാർ/ ഹെവി കൊമേഴ്‌സ്യൽ വെഹിക്കിൾ ഡീലർഷിപ്പിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്കുമാണ് അവസരം.
ജര്‍മ്മനിയിലെ വിവിധ സ്റ്റേറ്റുകളിലെ വാഹന ഡീലര്‍ഷിപ്പുകളിലേയ്ക്കാണ് നിയമനം. മൂന്നു വര്‍ഷത്തിനുളളില്‍ 500 പേര്‍ക്ക് നിയമനം നല്‍കാന്‍ സഹായിക്കുന്നതാണ് കരാര്‍. തിരഞ്ഞെടുക്കപ്പെടുന്നവർ ബി വണ്‍ ലെവലിലുള്ള ജർമൻ ഭാഷാ പ്രാവീണ്യം നേടേണ്ടതാണ്. തുടര്‍ന്ന് ജര്‍മ്മനിയില്‍ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ കോഴ്സ് ഫീസ് തിരികെ ലഭിക്കും. യാത്രാചെലവുകള്‍ ഉള്‍പ്പെടെയുളള മറ്റ് റിക്രൂട്ട്‌മെൻ്റ് നടപടികള്‍ പൂർണമായും സൗജന്യമാണ്. തൈക്കാട് നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് വിഭാഗം മാനേജര്‍ പ്രകാശ് പി ജോസഫ്, ജീവനക്കാര്‍, TUV റൈൻ ലാൻഡ് കമ്പനി ജനറല്‍ മാനേജര്‍ വിപിന്‍ ദാസ്. ഡി എന്നിവര്‍ സംബന്ധിച്ചു.
