പവനന്‍ എഴുത്തുകാരെ ഒറ്റ ഗോത്രമായി കണ്ടയാള്‍, സച്ചിദാനന്ദന്‍.
- Posted on November 21, 2025
- News
- By Goutham prakash
- 130 Views
തൃശൂർ.
എഴുത്തുകാരെ എഴുത്തുകാരായി അംഗീകരിക്കുകവഴി അവരെ ഒറ്റ ഗോത്രമായി കണ്ടയാളായിരുന്നു പവനന്‍ എന്ന് സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദന്‍. പ്രശസ്ത എഴുത്തുകാരനും യുക്തിവാദിയുമായിരുന്ന പവനന്റെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സാഹിത്യ അക്കാദമി സംഘടിപ്പിച്ച ‘പവനന്റെ ലോകങ്ങള്‍’ ശതാബ്ദി സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അതില്‍ രാഷ്ട്രീയമോ മതമോ ജാതിയോ ഒന്നും അദ്ദേഹം കലര്‍ത്തിയില്ല. നവോത്ഥാനത്തിന്റെ തുടര്‍ച്ചയായി പിറന്ന യുക്തിവാദത്തിന്റെ വക്താക്കളില്‍ മുന്‍പന്തിയിലായിരുന്നു അദ്ദേഹം. സെക്രട്ടറിയായി സാഹിത്യ അക്കാദമിയില്‍ സേവനമനുഷ്ഠിക്കുന്ന കാലയളവില്‍ സാഹിത്യ അക്കാദമിയെ ജനകീയമാക്കിമാറ്റാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. മറ്റു ഭാഷകളിലുള്ള എഴുത്തുകാരുമായുള്ള മലയാളി എഴുത്തുകാരുടെ കൈമാറ്റങ്ങള്‍ ആരംഭിച്ചതു പവനന്റെ കാലത്താണ്. ആവിഷ്കാരസ്വാതന്ത്ര്യനിരോധനങ്ങള്‍ക്കെതിരെ എക്കാലവും പൊരുതിയ സാൂഹ്യപ്രവര്‍ത്തകനുമായിരുന്നു പവനനെന്ന് സച്ചിദാനന്ദന്‍ പറഞ്ഞു.
വൈസ് പ്രസിഡന്റ് അശോകന്‍ ചരുവില്‍ അധ്യക്ഷതയില്‍ നടന്ന സെമിനാറില്‍ ‘പവനന്റെ സാഹിത്യസംഭാവനകള്‍’ ആലങ്കോട് ലീലാകൃഷ്ണന്‍, ‘പവനനും കേരള സാഹിത്യ അക്കാദമിയും’ ഡോ. പി.വി. കൃഷ്ണന്‍ നായര്‍, ‘പവനന്‍: യുക്തിവാദിയും കമ്മ്യൂണിസ്റ്റും’ ഇ.എം. സതീശന്‍, ‘പവനന്‍: വ്യക്തിത്വവും ജീവിതദര്‍ശനവും’ വി. മാധവിക്കുട്ടി എന്നിവര്‍ അവതരിപ്പിച്ചു. സാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കര്‍ സ്വാഗതവും പ്രൊഫ. എം. ഹരിദാസ് നന്ദിയും പറഞ്ഞു.
