ഊർജ്ജം ശേഖരിക്കുന്ന നവീന സാങ്കേതികവിദ്യക്ക് കുസാറ്റിന് ഇന്ത്യൻ പേറ്റന്റ് ലഭിച്ചു
- Posted on September 10, 2025
- News
- By Goutham prakash
- 202 Views
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ഊർജ്ജ ശേഖരണ സാങ്കേതികവിദ്യക്ക് ഇന്ത്യൻ പേറ്റന്റ് (IN 569569) ലഭിച്ചു. പോളിഡൈമിഥൈൽസിലോക്സെയ്ൻ (PDMS) കോംപോസിറ്റിൽ ഗ്രാഫീൻ ഓക്സൈഡ്–കണ്ടക്റ്റിംഗ് പൊളിമർ നാനോഹൈബ്രിഡ് ഉൾപ്പെടുത്തി വികസിപ്പിച്ച ട്രൈബോഇലക്ട്രിക് നാനോജനറേറ്റർ (TENG) ഉൽപ്പന്നത്തെ കുറിച്ചാണ്. ഈ പേറ്റന്റ് അപേക്ഷ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഐപിആർ സ്റ്റഡീസ് (IUCIPRS) IPR ഫസിലിറ്റേഷൻ സെൽ മുഖാന്തിരം CUSAT-ൽ നടപ്പിലാക്കിയതാണ്.
ഈ നവീന കണ്ടുപിടിത്തത്തിന്റെ പിന്നിൽ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ നാനോമെറ്റീരിയൽസ് ആൻഡ് ഡേവിസസ് (IUCND) ഡയറക്ടറും പോളിമർ സയൻസ് ആൻഡ് റബ്ബർ ടെക്‌നോളജി വിഭാഗം പ്രൊഫസറുമായ ഡോ. ഹണി ജോൺ നയിച്ച ഗവേഷണ സംഘമാണ്. കുസാറ്റ് മുൻ പിഎച്ച്ഡി സ്കോളർ ഡോ. ദിവ്യ ജോസ്, കുസാറ്റ് ഇന്റർനാഷണൽ സ്കൂൾ ഓഫ് ഫോട്ടോണിക്‌സിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. സജി ജോസഫ് കെ ജെ, കുസാറ്റ് IUCND പോസ്റ്റ് ഡോക്ടറൽ ഫെലോ ഡോ. ജിൽമി ഇ ജെ, കുസാറ്റ് ഇന്റർനാഷണൽ സ്കൂൾ ഓഫ് ഫോട്ടോണിക്‌സിലെ മുൻ പിഎച്ച്ഡി സ്കോളർ ഡോ. വിജോയ് കെ വി, കുസാറ്റ് കൺട്രോളർ ഓഫ് എക്‌സാമിനേഷൻസും അപ്ലൈഡ് കെമിസ്ട്രി വിഭാഗം പ്രൊഫസറുമായ ഡോ.എൻ മനോജ് എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങൾ.
ഇതിലെ പുതിയ മെറ്റീരിയൽ സംയോജനം conducting polymer, graphene oxide, PDMS എന്നിവ ചേർത്ത് രൂപപ്പെടുത്തിയതാണ്. വൈബ്രേഷൻ, കാറ്റ്, മനുഷ്യ ചലനം എന്നിവയിലൂടെ ലഭിക്കുന്ന യാന്ത്രിക ഊർജ്ജം ശേഖരിച്ച് നാനോ ഇലക്ട്രോണിക് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ സഹായിക്കുന്നു. സ്വന്തം മെക്കാനിക്കൽ ഊർജ്ജം ഉപയോഗിച്ച് സ്വയം പവർ ചെയ്യുന്ന സെൻസറുകൾ, വെയറബിള്‍ ഇലക്ട്രോണിക്സ്, സ്മാർട്ട് ടെക്സ്ടൈൽസ്, ആരോഗ്യ നിരീക്ഷണ ഉപകരണങ്ങൾ, ചലനം സെൻസിംഗ് സിസ്റ്റങ്ങൾ തുടങ്ങിയ മേഖലകളിൽ ഇത് വിപുലമായ സാധ്യതകൾ തുറക്കുന്നു.
