അറേബ്യൻ രാത്രികൾ പോലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള നാടോടി കഥകൾ പുതിയ കാല കാഴ്ചപ്പാടിൽ അരങ്ങിലെത്തും രാജ്യാന്തര നാടകോഝവത്തിൽ പുതുമകളേറേ.
- Posted on February 21, 2025
- News
- By Goutham prakash
- 345 Views
പ്രഥമ ദിനത്തിൽ ഹയവദനയും ദി നൈറ്റ്സും പ്രേക്ഷകരിലേക്കെത്തും.
പുരാണ, നിഗൂഢ ആശയങ്ങൾ കൊണ്ട് പ്രേക്ഷകരെ സ്വത്വബോധത്തിലേക്കും പാവകളിയെന്ന കലാരൂപത്തെ ഓർമിപ്പിക്കാനും ഇറ്റ്ഫോക്കിന്റെ ആദ്യ ദിനം തയ്യാറെടുക്കുന്നു. ഇന്ത്യൻ എഴുത്തുകാരനായ ഗിരീഷ് കർണാടിന്റെ 'ഹയവദന', അനുരൂപ റോയിയുടെ 'ദി നൈറ്റ്സ്' എന്ന നാടകങ്ങളാണ് ഫെബ്രുവരി 23ന് പ്രേക്ഷരിലേക്ക് എത്തുന്നത്. ബാംഗ്ളൂർ ഭൂമിജ ട്രസ്റ്റ് അവതരിപ്പിക്കുന്ന 'ഹയവദന' 1971ൽ എഴുതപ്പെട്ട നാടകമാണ്. ഒരേ സ്ത്രീയെ പ്രണയിക്കുന്ന രണ്ട് സുഹൃത്തുക്കളും അബദ്ധത്തിൽ അവരുടെ തലകൾ മാറുന്നതും ഒപ്പം കുതിരയുടെ തലയുള്ള ഒരു പുരുഷൻ മനുഷ്യനാകാൻ ശ്രമിക്കുന്നതിന്റെ കഥയുമാണ് ഈ നാടകം പറയുന്നത്. പത്മിനി എന്ന സ്ത്രീയെ ആഗ്രഹിക്കുന്ന ദേവദത്ത, കപില എന്നീ രണ്ട് സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് നാടകം. സ്വയം കണ്ടെത്താനുള്ള കപിലയുടെ യാത്രയിലേക്ക് നയിക്കുന്ന ഹയവദന, കാണികളെ സ്വത്വബോധത്തിലേക്കും സ്വയം കണ്ടെത്തേണ്ടുന്നതിന്റെ ആവശ്യകതയിലേക്കും പര്യവേക്ഷണം ചെയ്യുന്നു.
അറേബ്യൻ രാത്രികൾ പോലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള നാടോടി കഥകൾ പുതിയ കാഴ്ചപ്പാടോടെ പുനരാവിഷ്കരിക്കുകയാണ് അനുരൂപ റോയിയുടെ 'ദി നൈറ്റ്സ്' എന്ന നാടകത്തിൽ. എഴുത്തുകാരി അദിതി റാവുവിനൊപ്പം പ്രശസ്ത നാടകകൃത്തും നാടക സംവിധായകനും നടനുമായ നീൽ ചൗധരി എഴുതിയ ദി നൈറ്റ്‌സ്, ആയിരത്തൊന്ന് രാത്രികൾ (അറേബ്യൻ നൈറ്റ്‌സ്) എന്ന് പേരിട്ടിരിക്കുന്ന മിഡിൽ ഈസ്റ്റേൺ കഥാസമാഹാരത്തിലെ പ്രധാന സ്ത്രീ കഥാപാത്രവും കഥാകാരനുമായ ഷെഹറാസാദിനെ ചുറ്റിപ്പറ്റിയാണ്. നൂറ്റാണ്ടുകളായി വിവിധ സന്ദർഭങ്ങളിൽ ശ്രോതാക്കൾക്ക് പറഞ്ഞുകൊടുത്ത കഥകൾ ഈ ഭാഗം പുനരവലോകനം ചെയ്യുകയും പുനർവിചിന്തനം ചെയ്യുകയും ചെയ്യുന്നു.
കാലക്രമേണ പരിണമിച്ചു വരുന്ന പാവകളി എന്ന കലയിലാണ് ഡൽഹി ആസ്ഥാനമായുള്ള പപ്പറ്റ് തിയേറ്റർ കമ്പനിയായ കട്കഥ പപ്പറ്റ് ആർട്‌സ് ട്രസ്റ്റിൻ്റെ ഈ പുതിയ നിർമ്മാണം. കവിത, സംഭാഷണങ്ങൾ, വിഷ്വൽ ഇഫക്‌റ്റുകൾ എന്നിവയുടെ ഘടകങ്ങൾ കലാരൂപത്തിൻ്റെ അന്തസത്ത ചോർന്നുപോകാതെ ശ്രദ്ധാപൂർവം സംയോജിപ്പിച്ചാണ് അവതരിപ്പിക്കുക. ഫെബ്രുവരി 23ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് തോപ്പിൽ ഭാസി ബ്ലാക്ക് ബോക്സിൽ 'ദി നൈറ്റ്സും' വൈകീട്ട് 7.30ന് ആക്ടർ മുരളി തിയറ്ററിൽ 'ഹയവദന'യും അരങ്ങേറും.
