വനിതകളുടെ മുന്നേറ്റത്തിന് സാമ്പത്തിക സ്വയംപര്യാപ്തത നിർണായകം: മന്ത്രി വീണാ ജോർജ്.
- Posted on February 04, 2026
- News
- By Goutham prakash
- 16 Views
തിരുവനന്തപുരം: ആത്മവിശ്വാസത്തോടെയും സ്വയംപര്യാപ്തതയോടെയും മുന്നോട്ട് പോകാൻ വനിതകൾക്ക് ഏറ്റവും ഉറച്ച അടിത്തറ സാമ്പത്തിക സ്വയംപര്യാപ്തതയാണെന്ന് ആരോഗ്യ-വനിത-ശിശുവികസന മന്ത്രി വീണാ ജോർജ് പറഞ്ഞു.
സ്ത്രീകൾക്ക് സ്വന്തം കഴിവുകൾ തിരിച്ചറിയാനും അവയെ ദീർഘകാല ഉപജീവന മാർഗങ്ങളാക്കി മാറ്റാനും ലക്ഷ്യമിട്ടാണ് സർക്കാർ പദ്ധതികൾ നടപ്പാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ, വനിതാ ശിശുവികസന വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നിശാഗന്ധി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച **എസ്കലേറ – ദി വുമൺസ് ഫെസ്റ്റ് 2026** ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വനിതകളുടെ സാമ്പത്തിക സ്വയംപര്യാപ്തത കുടുംബത്തെയും സമൂഹത്തെയും ഒരുപോലെ മുന്നോട്ട് നയിക്കുന്ന മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി പറഞ്ഞു. സ്ത്രീ സംരംഭകത്വം, നേതൃപാടവം എന്നിവ ശക്തിപ്പെടുത്താനുള്ള സംസ്ഥാന സർക്കാരിന്റെ പ്രതിബദ്ധത തുടരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി കോർപ്പറേഷൻ സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ— വിജിയികൾക്കുള്ള പുരസ്കാരങ്ങൾ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ആർ. ബിന്ദു സമ്മാനിച്ചു. വിദ്യാഭ്യാസം, ഉപജീവന അവസരങ്ങൾ, സാമൂഹ്യബോധവൽക്കരണം എന്നിവ സംയോജിപ്പിച്ചാണ് എസ്കലേറ പോലുള്ള വേദികൾ ലിംഗനീതിക്ക് കരുത്തേകുന്നതെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു.
വനിതാ-ശിശുവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫ് പരിപാടിയുടെ റിപ്പോർട്ട് അവതരിപ്പിച്ചു.
ചടങ്ങിൽ വനിതാ പർവതാരോഹക ബിന്ദു ഒ എൻ നെ ആദരിച്ചു. വി. കെ. പ്രശാന്ത് എം.എൽ.എ
, കേരള വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി, വനിതാ-ശിശുവികസന വകുപ്പ് ഡയറക്ടർ ഹരിത വി. കുമാർ,ബി സന്ധ്യ (ഐപിഎസ് റിട്ട.) മിനി സുകുമാർ, ടി. കെ. ആനന്ദി, ഐ.ഡി.ബി.ഐ ബാങ്ക് പ്രതിനിധി രാജേഷ് മോഹൻ ജാ എന്നിവരും പങ്കെടുത്തു. കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ ചെയർപേഴ്സൺ കെ. സി. റോസക്കുട്ടി, മാനേജിങ് ഡയറക്ടർ ബിന്ദു വി. സി. എന്നിവരും ഡയറക്ടർ ബോർഡ് അംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
എസ്കലേറ വുമൺസ് ഫെസ്റ്റ് 2026-ന്റെ പ്രധാന ആകർഷണങ്ങളിലൊന്നായ പ്രദർശനവും ട്രേഡ് ഫെയറും ഫെബ്രുവരി 9 വരെ പൊതുജനങ്ങൾക്ക് സൗജന്യമായി സന്ദർശിക്കാം.
വിവിധ
സംസ്ഥാനങ്ങളിൽ നിന്നുള്ള വനിതാ സംരംഭകരുടെ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ മേളയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
സാംസ്കാരിക പരിപാടികളുടെ ഭാഗമായി ബുധനാഴ്ച രാത്രി 7ന് പ്രശസ്ത ഗായിക റിമി ടോമിയുടെ സംഗീത പരിപാടിയും അരങ്ങേറും.
“കരുത്താർന്ന പെൺചുവടുകൾ കരുതലോടെ കേരളം” എന്ന പ്രമേയത്തിൽ വിഷയാധിഷ്ഠിത കോൺക്ലേവുകൾ, സെമിനാറുകൾ, സംരംഭകത്വ പരിശീലനങ്ങൾ, പ്രദർശനങ്ങൾ, സാംസ്കാരിക പരിപാടികൾ എന്നിവക്ക് എസ്കലേറ വേദിയാകും.
