ഐ.ആര്‍.ടിസി. സംസ്ഥാനത്തെ മികച്ച ഹരിത സഹായ സ്ഥാപനം

തിരുവനന്തപുരം: സംസ്ഥാനത്തെ മികച്ച ഹരിത സഹായ സ്ഥാപനമായി ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്നോളജി സെന്ററിനെ (ഐആര്‍ടിസി) തെരഞ്ഞെടുത്തു. വൃത്തി 2025 ക്ലീൻ കേരള ക്ലേവിൽ തദ്ദേശ സ്വയം ഭരണ വകുപ്പുമന്ത്രി എം ബി രാജേഷിൽ നിന്ന് ഐആർടിസി ചെയർപേഴ്സൺ ടി.കെ.മീരാഭായി അവാർഡ് ഏറ്റുവാങ്ങി.


ഹരിതകർമ്മ സേനയെ ശാക്തീകരിക്കുന്നതിനും മാലിന്യസംസ്കരണത്തെ സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാവശ്യമായ മാർഗ്ഗനിർദ്ദേശം നൽകുന്നതിനും ശുചിത്വ മിഷൻ എംപാനൽ ചെയ്തിട്ടുള്ള 51 സ്ഥാപനങ്ങളിൽ നിന്നാണ് ഐ.ആർ.ടി.സിയെ മികച്ച സ്ഥാപനമായി തെരഞ്ഞെടുത്തത്. 10 ജില്ലകളിലായി ഏഴ് നഗരസഭകൾ അടക്കം 172 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് ഹരിതസഹായ സ്ഥാപനമായി ഐആര്‍ടിസി പ്രവർത്തിക്കുന്നത്. ഈ തദ്ദേശ സ്വയം സ്വയംഭരണ സ്ഥാപനങ്ങളിലായി 6309 ഹരിത കർമ്മസേന അംഗങ്ങളുടെ ശാക്തീകരണ പ്രവർത്തനങ്ങളാണ് ഐആര്‍ടിസി ഏറ്റെടുത്തിട്ടുള്ളത്.


100 % യൂസർ ഫീ കളക്ഷൻ കൈവരിച്ച 51 തദ്ദേശസ്ഥാപനങ്ങളും 91% മുകളിൽ യൂസർ ഫീ കളക്ഷൻ നേടിയ 89 തദ്ദേശസ്ഥാപനങ്ങളും ഐആർടിസിയുടെ സഹായത്തോടെ 2025 മാർച്ച് മാസത്തിൽ മികവുകാട്ടി. 23000 ടൺ അജൈവ മാലിന്യമാണ് ഈ വർഷം തദ്ദേശസ്ഥാപനങ്ങളിൽ നിന്നും ശേഖരിച്ച് തരം തിരിച്ച് കൈമാറിയത്. സാമ്പത്തികമായും സാമൂഹ്യമായും ദുർബലത നേരിടുന്നവരാണ് ഹരിത കർമ്മസേനയിൽ ഏറെയും. ഇവരെ ശാക്തീകരിക്കുന്നതിനായി രാത്രി നടത്തവും തെരുവു കലാപരിപാടികളും ഉൾപ്പെടുത്തിയ പെൺരാവേറ്റം അവരുടെ ആത്മവിശ്വാസം വളർത്തി. 


ഹരിത കർമ്മസേനയുടെ അനുഭവക്കുറിപ്പുകളുടെ പുസ്തക പ്രസിദ്ധീകരണം, 1000 ലധികം പേരെ തുടർ സാക്ഷരതയുടെ ഭാഗമാക്കി രജിസ്റ്റർ ചെയ്യിച്ച്  10-ാം ക്ലാസ്, +2 തുല്യതാ യോഗ്യരാക്കൽ, മുഴുവൻ ഹരിത കർമ്മ സേന അംഗങ്ങളേയും ഡിജിറ്റൽ സാക്ഷരാക്കൽ, വിമാന യാത്ര തുടങ്ങിയ സംഘടിപ്പിച്ചു. 16 ഗ്രാമ പഞ്ചായത്തുകളിലെ 540 ഹരിത കർമ്മസേന അംഗങ്ങൾ ഇതിനകം വിമാന യാത്ര നടത്തിയിട്ടുണ്ട്. ആകെയുള്ള ഹരിത കർമ്മസേന അംഗങ്ങളിൽ 10,000 രൂപയ്ക്ക് മുകളിൽ പ്രതിമാസ വേതനം വാങ്ങുന്ന 64 % പേർ ഇന്നുണ്ട്. 400-ലധികം സംരഭങ്ങൾ ഹരിത കർമ്മസേനയുടെ അധിക വരുമാനത്തിനായി ആരംഭിച്ചിട്ടുണ്ട്. ഇതിനുള്ള പരിശീലനവും ഐആര്‍ടിസിയാണ് നല്കുന്നത്. മാലിന്യ മുക്ത നവകേരളത്തിനായുള്ള ജനകീയ ക്യാമ്പയിൻ, ഈ തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങളിൽ സംഘാടന നേതൃത്വം വഹിച്ചത് ഐആർടിസിയാണ്.

Author
Citizen Journalist

Goutham prakash

No description...

You May Also Like