കെ രാമചന്ദ്രന് എഫ്.എഫ്.എസ് ഐ – വിജയ മുലെ പുരസ്കാരം.
- Posted on May 01, 2025
- News
- By Goutham prakash
- 195 Views
ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ – കേരള റീജിയണ്‍ നല്‍കുന്ന 2024 ലെ എഫ് എഫ് എസ് ഐ – വിജയ മുലെ പുരസ്കാരത്തിന് മുതിര്‍ന്ന ഫിലിം സൊസൈറ്റി പ്രവര്‍ത്തകനും നിരൂപകനും സാമൂഹ്യപ്രവര്‍ത്തകനുമായ കെ രാമചന്ദ്രന്‍ അര്‍ഹനായി. ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിനും നല്ല സിനിമയ്ക്കും നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് നല്‍കുന്ന ഈ പുരസ്കാരം ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ സ്ഥാപകരില്‍ ഒരാളും ദീര്‍ഘകാലം ദേശീയ അധ്യക്ഷയും ആയിരുന്ന വിജയ മുലെയുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയതാണ്.
പയ്യന്നൂര്‍ സ്വദേശിയായ കെ രാമചന്ദ്രന്‍, അടൂര്‍ ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ആരംഭിച്ച, കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റിയായ തിരുവനന്തപുരം ചിത്രലേഖയില്‍ അംഗമായി ഫിലിം സൊസൈറ്റി പ്രവര്‍ത്തനം ആരംഭിച്ചു. തുടര്‍ന്ന്, 1975 ല്‍ പയ്യന്നൂരില്‍ സര്‍ഗ്ഗ ഫിലിം സൊസൈറ്റി സ്ഥാപിച്ച് സജീവമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോയി. ഇപ്പോള്‍, പയ്യന്നൂര്‍ ഓപ്പണ്‍ ഫ്രെയ്ം ഫിലിം സൊസൈറ്റിയുടെ പ്രസിഡന്റായി പ്രവര്‍ത്തിക്കുന്നു. നിരൂപകനും ഗ്രന്ഥകാരനും പ്രഭാഷകനും ഒക്കെയായ രാമചന്ദ്രന്റെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലാകെ ഫിലിം സൊസൈറ്റി പ്രവര്‍ത്തനത്തിനും പുതിയ ചെറുപ്പക്കാര്‍ പ്രസ്ഥാനത്തിലേക്ക് കടന്നുവരുന്നതിനും വലിയ തോതില്‍ ഊര്‍ജ്ജം പകര്‍ന്നു. സിനിമയുടെ സൈദ്ധാന്തികവും സാമൂഹ്യവുമായ വശങ്ങളെ പറ്റി അഗാധമായ അറിവുള്ള അദ്ദേഹം അനേകം പുസ്തകങ്ങളുടെ രചയിതാവും വിവിധആനുകാലികങ്ങളില്‍ കോളമിസ്റ്റും ആണ്.
2023 ലെ പുരസ്കാരജേതാവും ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറിയുമായ അമിതാവ ഘോഷ് അധ്യക്ഷനും ചലച്ചിത്രകാരനും ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റുമായ ടി വി ചന്ദ്രന്‍, പ്രശസ്തനിരൂപകന്‍ ഡോ. സി എസ് വെങ്കിടേശ്വരന്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാരം നിര്‍ണ്ണയിച്ചത്.
