വൃത്തി; സമാപന സമ്മേളനം ഇന്ന് , പ്രദര്‍ശനം നാളെക്കൂടി

തിരുവനന്തപുരം: സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന വൃത്തി 2025 ദേശീയ കോണ്‍ക്ലേവിന്റെ സമാപന സമ്മേളനം ഇന്ന് (12-04-2025) വൈകിട്ട് 5 മണിക്ക് നിശാഗന്ധിയില്‍ കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എം.ബി രാജേഷ് അധ്യക്ഷനാകും. നിയമസഭ സ്പീക്കര്‍ എം.എന്‍. ഷംസീര്‍ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് കോണ്‍ക്ലേവിലെ വിവിധ പരിപാടികളിള്‍ പങ്കെടുത്തവര്‍ക്കുള്ള സമ്മാന വിതരണം നടക്കും. കോണ്‍ക്ലേവിന്റെ ഭാഗമായുള്ള പ്രദര്‍ശനവും മികച്ച മാതൃകകളുടെ അവതരണവും കലാസാംസ്‌കാരിക പരിപാടികളും ഭക്ഷ്യമേളയും നാളെയും (13-04-2025) തുടരും. 


പ്രത്യേക തരം മാലിന്യങ്ങളുടെ പരിപാലനം- സാങ്കേതിക വിദ്യകളും അനുവര്‍ത്തിക്കാവുന്ന മാതൃകകളും, സര്‍ക്കുലര്‍ എക്കോണമിയില്‍ സാമ്പത്തിക നയങ്ങളുടെ ആവശ്യകതകളും അനുവര്‍ത്തിക്കാവുന്ന മാതൃകകളും, മാലിന്യ സംസ്‌കരണത്തിലെ മികച്ച വിവര വിജ്ഞാന വ്യാപന മാതൃകകള്‍, മാലിന്യ സംസ്‌കരണത്തിലെ ഹീറോമാര്‍ (ഓപ്പണ്‍ ഫോറം), കേരളത്തിലെ ഗ്രേ വാട്ടര്‍ മാനേജ്‌മെന്റ്, ശുചിത്വത്തിലെ സമഗ്രത, കേരളത്തിലെ എമര്‍ജന്‍സി റെസ്‌പോണ്‍സ് സാനിറ്റേഷന്‍ യൂനിറ്റുകള്‍, കാലാവസ്ഥാ പ്രതിരോധവും മാലിന്യ സംസ്‌കരണ സംവിധാനങ്ങളും എന്നീ വിഷയങ്ങളില്‍ ഇന്ന് വിവിധ വേദികളിലായി ചര്‍ച്ചകള്‍ നടക്കും. രാവിലെ 9 മുതല്‍ വൈകിട്ട് 4.30വരെ പാലസ് ഹാള്‍ കനകാംബരം എന്നീ വേദികളിലായി വിവിധ ജില്ലകളില്‍ നിന്നുള്ള ശുചിത്വ മാതൃകകളുടെ അവതരണം നടക്കും.


മാസ്‌ക്കോട്ട് ഹോട്ടലില്‍ വേസ്റ്റത്തോണ്‍ മത്സരം ഇന്ന് അവസാനിക്കും. വൈകിട്ട് ഏഴിനാരംഭിക്കുന്ന സാംസ്‌കാരിക പരിപാടികളുടെ ഭാഗമായി നിശാഗന്ധിയില്‍ ചലച്ചിത്രതാരം റിമ കല്ലിങ്കലിന്റെ നേതൃത്വത്തില്‍ 'നായിക' നൃത്ത സന്ധ്യ അരങ്ങേറും. രാവിലെ 10 മണിക്ക് കനകക്കുന്ന പരിസരത്ത് വിനു പട്ടിമറ്റം അവതരിപ്പിക്കുന്ന പപ്പറ്റ് ഷോയും വൈകിട്ട് അഞ്ചിന് കെ.കെ ലക്ഷ്മണന്‍ മാസ്റ്റര്‍ അവതരിപ്പിക്കുന്ന സോളോ നാടകവും അരങ്ങേറും.

Author
Citizen Journalist

Goutham prakash

No description...

You May Also Like