റഷ്യൻ സർവകലാശാലയിൽ അഡ്വാൻസ്ഡ് പ്രൊഫഷണൽ എജ്യുക്കേഷൻ പ്രോഗ്രാമിൽ പങ്കെടുക്കാൻ കുസാറ്റ് അധ്യാപകരും






കൊച്ചി: റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗ് ഇലക്ട്രോടെക്നിക്കൽ സർവകലാശാലയിൽ നടക്കുന്ന 'അഡ്വാൻസ്ഡ് പ്രൊഫഷണൽ എജ്യുക്കേഷൻ പ്രോഗ്രാം ഇൻ ന്യൂ ജനറേഷൻ ഓഫ് ഇലക്ട്രോണിക് കോമ്പോണന്റ് ബേസ്' പരിപാടിയിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഏഴ് വിശിഷ്ട പ്രൊഫസർമാർ പങ്കെടുക്കും. അന്താരാഷ്ട്ര അക്കാദമിക ഗവേഷണ സഹകരണം വളർത്തുക എന്ന ലക്ഷ്യത്തോടെ സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 4 വരെയുള്ള പ്രോഗ്രാം, ആദ്യ ആഴ്ച സെന്റ് പീറ്റേഴ്സ്ബർഗിലും രണ്ടാം ആഴ്ച ഒബ്നിൻസ്കിലും നടക്കും. കുസാറ്റിനെ പ്രതിനിധീകരിച്ച് ഡോ. ഹരീഷ് രാമനാഥൻ, ഡോ. ആൽഡ്രിൻ ആന്റണി, ഡോ. സുപ്രിയ സുഭാഷ്, ഡോ. അഞ്ജു പ്രദീപ്, ഡോ. അബ്ദുല്ല പി, ഡോ. ദീപ്തി ദാസ് കൃഷ്ണ, ഡോ. സബീന എം എന്നിവർ പങ്കെടുക്കും. കുസാറ്റും സെന്റ് പീറ്റേഴ്സ്ബർഗ് ഇലക്ട്രോടെക്നിക്കൽ സർവകലാശാലയും സംയുക്തമായി ആരംഭിച്ച 'ന്യൂ ജനറേഷൻ ഓഫ് ഇലക്ട്രോണിക് കോമ്പോണന്റ് ബേസിൽ' നടന്നുകൊണ്ടിരിക്കുന്ന ഡ്യുവൽ ഡിഗ്രി എംഎസ് പ്രോഗ്രാമിന്റെ ഭാഗമായാണ് ഈ പ്രോഗ്രാം സംഘടിപ്പിക്കുന്നത്.


മൈക്രോവേവ് ഇലക്ട്രോണിക്സ് ഡിവൈസസ്, എക്സ്-റേ ഡയഗ്നോസ്റ്റിക്സ് ആൻഡ് പ്രൊഡക്ഷൻ കൺട്രോൾ, മാഗ്നോണിക്സ് ആൻഡ് റേഡിയോഫോട്ടോണിക്സ് ഡിവൈസസ്, സെമികണ്ടക്ടർ മെറ്റീരിയൽസ്, നാനോ ഹെറ്ററോസ്ട്രക്ചേർസ്, ന്യൂക്ലിയർ പവർ എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലകൾ ഉൾക്കൊള്ളുന്ന സർവകലാശാലയുടെ അത്യാധുനിക ലബോറട്ടറികളിൽ പ്രൊഫസർമാർക്ക് പ്രത്യേക പരിശീലനം നൽകും. ഫാക്കൽറ്റികൾക്ക് അത്യാധുനിക സാങ്കേതികവിദ്യകളിലെ നൂതന അറിവ് സജ്ജമാക്കാനും സഹകരണ പഠനത്തിലൂടെയും ഗവേഷണത്തിലൂടെയും രണ്ട് സ്ഥാപനങ്ങൾക്കും വളർച്ചയുണ്ടാകാനും ഈ പ്രോഗ്രാം സഹായികമാകും. കുസാറ്റും സെന്റ് പീറ്റേഴ്സ്ബർഗ് ഇലക്ട്രോടെക്നിക്കൽ സർവകലാശാലയും തമ്മിലുള്ള ദീർഘകാല അക്കാദമിക ഗവേഷണ സഹകരണങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള പരിപാടി കുസാറ്റിലെ ഇന്റർനാഷണൽ റിലേഷൻസ് ഡയറക്ടർ ഡോ.ഹരീഷ് രാമനാഥൻ നയിക്കും.



                                         സി.ഡി. സുനീഷ്

Author

Varsha Giri

No description...

You May Also Like