മഴയെ അവഗണിച്ചും തലസ്ഥാനത്തിന്റെ ലാൽസലാം *നടനചക്രവർത്തിക്ക് സംഗീതസമർപ്പണം*
- Posted on October 05, 2025
- News
- By Goutham prakash
- 129 Views
*
*സി.ഡി. സുനീഷ്*
'രാഗം മോഹനം' കലാസന്ധ്യ അരങ്ങേറി
മഴയ്ക്കും തടയാൻ ആയില്ല തലസ്ഥാനത്തിന്റെ “ലാൽ” ഇഫെക്റ്റ്. മോഹൻലാൽ സിനിമകളിലെ ഗാനങ്ങൾ കോർത്തിണക്കി അവതരിപ്പിച്ച 'രാഗം മോഹനം' കലാസന്ധ്യയിൽ രാത്രി വൈകുവോളവും ആവേശത്തോടെ പങ്കെടുത്തത് പതിനായിരങ്ങൾ. ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനകൾക്ക് ദാദാസാഹേബ് ഫാൽക്കെ അവാർഡ് ലഭിച്ച മോഹൻലാലിന് ആദരം അർപ്പിച്ചുകൊണ്ട് കേരള സർക്കാർ സംഘടിപ്പിച്ച 'മലയാളം വാനോളം ലാൽസലാം' പരിപാടിയുടെ ഭാഗമായാണ് കലാസന്ധ്യ നടന്നത്.
ടി. കെ. രാജീവ് കുമാറിൻ്റെ സംവിധാനത്തിൽ നടന്ന ‘രാഗം മോഹന’ത്തിൽ കഥകളി ആചാര്യൻ കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ ആശാൻ അവതരിപ്പിച്ച 'തിരനോട്ടം' എന്ന പ്രത്യേക കലാവിഷ്കാരമായിരുന്നു മുഖ്യ ആകർഷണം. കലാമണ്ഡലം വിനോദിന്റെ ആലാപനവും, കലാമണ്ഡലം പ്രശാന്ത് (മദ്ദളം), കലാമണ്ഡലം വേണു മോഹൻ (ചെണ്ട) എന്നിവരുടെ വാദ്യ അകമ്പടിയും ഈ രംഗാവതരണത്തിന് മികവേകി. തുടർന്ന്, ഗുരുവന്ദനവും ആദരം സ്വീകരിച്ചുകൊണ്ടുള്ള മറുപടി പ്രസംഗവും മോഹൻലാൽ നിർവഹിച്ചു.
ഗായിക ജ്യോത്സനയോടൊപ്പമുള്ള മോഹൻലാലിൻ്റെ യുഗ്മഗാനം ‘കൈതപ്പൂവിൻ കന്നിക്കുറുമ്പിൽ’ അദ്ദേഹം വേദിയിൽ ആലപിച്ചത് സദസ്സ് ആവേശത്തോടെ ഏറ്റെടുത്തു.
ശോഭനയും ലക്ഷ്മി ഗോപാലസ്വാമിയും വേദിയിൽ മോഹൻലാലിനെ കുറിച്ച് സംസാരിച്ചു. ലക്ഷ്മി ഗോപാലസ്വാമി ‘അകലെയോ’ എന്ന ഗാനം ആലപിച്ചു.
സംഗീത സമർപ്പണത്തിന് തുടക്കം കുറിച്ചത് ഗായകൻ എം.ജി. ശ്രീകുമാറാണ്. തുടർന്ന്, ഗായികമാരായ സുജാത മോഹൻ, റിമി ടോമി, ജ്യോത്സന, രാജലക്ഷ്മി, മഞ്ജരി, സയനോര, രഞ്ജിനി ജോസ്, നിത്യ മാമൻ, എൻ.ജെ. നന്ദിനി തുടങ്ങിയവർ മോഹൻലാൽ ചിത്രങ്ങളിലെ ഗാനങ്ങൾ ആലപിച്ചു. എം.ജി. ശ്രീകുമാർ സുജാതയോടൊപ്പം 'ഓക്കെലാ ഓക്കെലാ’ എന്ന യുഗ്മഗാനം അവതരിപ്പിച്ചു. ഗായികരെ വേദിയിൽ പൊന്നാട ചാർത്തി മോഹൻലാൽ ആദരിച്ചു. മോഹൻലാലിന്റെ ഹിറ്റ് ഗാനമായ ‘പടകാളി ചണ്ടി ചങ്കരി’ എന്ന ഗാനത്തോടെ കലാസന്ധ്യയ്ക്ക് ആവേശകരമായ പരിസമാപ്തിയായി.
മഹാനടൻ മധു, ഗായകരായ യേശുദാസ്, കെ.എസ്. ചിത്ര എന്നിവരുടെ വീഡിയോ/ഓഡിയോ സന്ദേശങ്ങൾ ചടങ്ങിൽ പ്രദർശിപ്പിച്ചു. വയലിനിസ്റ്റ് സാൻഡ്ര ഷിബു അവതരിപ്പിച്ച വയലിൻ കച്ചേരിയും വേദിയിൽ നടന്നു.
ചലച്ചിത്ര-സാംസ്കാരിക മേഖലകളിലെ പ്രമുഖരുടെയും സംസ്ഥാനത്തെ ഉന്നത രാഷ്ട്രീയ നേതൃത്വത്തിന്റെയും സജീവ സാന്നിധ്യം പരിപാടിയെ ശ്രദ്ധേയമാക്കി.
