ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ കാര്യക്ഷമം : മുഖ്യമന്ത്രി
- Posted on May 30, 2025
- News
- By Goutham prakash
- 117 Views
സി.ഡി. സുനീഷ്
സംസ്ഥാനത്ത് ലഹരിയുടെ ഉപയോഗവും വിപണനവും തടയുന്നതിന് സർക്കാർ ആവിഷ്‌ക്കരിച്ചിട്ടുള്ള പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പാവുകയാണെന്ന് മുഖ്യമന്ത്രി. ഓപ്പറേഷൻ ഡി-ഹണ്ടിന്റെ ഭാഗമായി മെയ് 20 മുതൽ 26 വരെയുള്ള കാലയളവിൽ 13,698 വ്യക്തികളെ പരിശോധിച്ചു. വലിയ അളവിൽ വിൽപന നടത്തിയ 5 കേസുകളും 19 ഇടത്തരം കേസുകളും ഉൾപ്പെടെ ആകെ 626 കേസ് രജിസ്റ്റർ ചെയ്തു. 660 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. 393.48 ഗ്രാം എം ഡി എം എയും 166.588 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു. മെയ് 19 മുതൽ 24 വരെ എക്‌സൈസ് വിഭാഗം 31.327 കിലോഗ്രാം കഞ്ചാവും 9.90 ഗ്രാം എം ഡി എം എയും പിടികൂടി. 155 കേസുകൾ രജിസ്റ്റർ ചെയ്യുകയും 148 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സംസ്ഥാന സ്‌പെഷ്യൽ ബ്രാഞ്ചിന്റെ ഡ്രഗ് ഇന്റലിജൻസ് സംവിധാനത്തിലൂടെ മെയ് 20 മുതൽ 26 വരെ സംസ്ഥാനത്തൊട്ടാകെ ലഹരിയുമായി ബന്ധപ്പെട്ട 301 സോഴ്‌സ് റിപ്പോർട്ടുകൾ ബന്ധപ്പെട്ട ജില്ലാ പോലീസ് മേധാവിമാർക്ക് കൈമാറി.
ലഹരി വിപത്തിനെതിരെ നടക്കുന്ന ബോധവൽക്കരണ പ്രവർത്തനങ്ങൾ നാടാകെ ഏറ്റെടുത്തിരിക്കുകയാണ്. കായിക വകുപ്പ് 'കിക്ക് ഡ്രഗ്‌സ്, സേ യെസ് ടു സ്‌പോർട്‌സ്' ലഹരി വിരുദ്ധ സന്ദേശ യാത്ര സംഘടിപ്പിച്ചു. 13 ജില്ലകളിൽ ജാഥ പ്രയാണം നടത്തി. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നതിനാൽ മലപ്പുറം ജില്ലയിലെ പ്രയാണം മാറ്റിവെച്ചു. കളിയുപകരണങ്ങളുടെ വിതരണവും കളിക്കളങ്ങൾ വീണ്ടെടുക്കലും ഓരോ വേദിയിലും വലിയ ആവേശമുയർത്തി. നൂറോളം കേന്ദ്രങ്ങളിൽ സ്‌പോർട്‌സ് കിറ്റ് വിതരണം ചെയ്തു. ഇരുപതോളം കളിക്കളങ്ങൾ വീണ്ടെടുത്തു. ലോക ലഹരി വിരുദ്ധ ദിനമായ ജൂൺ 26 ന് നടക്കുന്ന സമാപന പരിപാടിയിൽ 5000 കായിക താരങ്ങൾ അണിനിരക്കും.
ലഹരിക്കെതിരെ നടത്തം എന്ന പേരിൽ മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് 29 ന് രാവിലെ ഒരു കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. അത്തരം ഒരു മുൻകൈയെടുത്തതിൽ അദ്ദേഹത്തെ അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
സ്‌കൂൾ തുറക്കുമ്പോൾ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ജാഗ്രതയോടെ നടത്താൻ വിവിധ ഏജൻസികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
വിദ്യാഭ്യാസ വകുപ്പിന്റെ അഭിമുഖ്യത്തിൽ പാലക്കാട് സെന്റ് സെബാസ്റ്റ്യൻ സ്‌കൂളിൽ സംസ്‌കൃതി അധ്യാപകർ മെയ് 22 ന് ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. വയനാട് പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ അതേ ദിവസം ലഹരിവിരുദ്ധ ബോധവൽക്കരണ ഫ്‌ളാഷ് മോബും ബോധവൽക്കരണ പ്രവർത്തനങ്ങളും നടന്നു. കൊല്ലം സിറ്റി പാരിപ്പള്ളി കുളമട ക്ലബ്ബ് ഗ്രൗണ്ടിൽ എസ് എഫ് ഐ പാരിപ്പള്ളി ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെയുള്ള സന്ദേശത്തിന്റെ ഭാഗമായി ഫുട്‌ബോൾ മത്സരം സംഘടിപ്പിച്ചു. ഇത്തരത്തിൽ വിവിധ പ്രവർത്തനങ്ങൾ എല്ലാ ദിവസവും സംസ്ഥാനത്താകെ നടന്നു വരികയാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
