കൂൺ കൃഷി രംഗത്ത് കേരളത്തിന് പുതിയ കുതിപ്പ്: കർഷകർ സോളനിലേക്ക്.
- Posted on February 02, 2026
- News
- By Goutham prakash
- 46 Views
കേരളത്തിൽ കൂൺ കൃഷി കൂടുതൽ ശാസ്ത്രീയമായി വ്യാപിപ്പിക്കുന്നതിനും വരുമാനം വർദ്ധിപ്പിക്കുന്നതിനുമായി കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള കൂൺ കർഷകരുടെയും കൂൺ സംരംഭകരുടെയും 25 പേരടങ്ങുന്ന ആദ്യ സംഘം സംസ്ഥാന കൃഷിവകുപ്പിന്റെയും സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷന്റെയും നേതൃത്വത്തിൽ ഹിമാചൽ പ്രദേശങ്ങളിലെ സോളനിലെ ഡയറക്ടറേറ്റ് ഓഫ് മഷ്റൂമിലേക്ക് ഒരാഴ്ചത്തെ പരിശീലനങ്ങൾക്കായി യാത്ര തിരിച്ചു. സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ നടപ്പിലാക്കുന്ന സമഗ്ര കൂൺ ഗ്രാമം പദ്ധതിയുടെ ഭാഗമായുള്ള തുടർപരിശീലന പരിപാടികളുടെ ഭാഗമായാണ് പഠനയാത്ര.
കൃഷിമന്ത്രിയുടെ നേതൃത്വത്തിൽ കൂൺ കർഷകരുടെയും ഉദ്യോഗസ്ഥരുടെയും പത്ത് അംഗസംഘം സോളനിലെ ഐ സി എ ആർ- ഡയറക്ടറേറ്റ് ഓഫ് മഷ്റൂം റിസർച്ച് (DMR) സന്ദർശിച്ചതിന്റെ തുടർച്ചയായി മന്ത്രിയുടെ പ്രത്യേക താല്പര്യം പ്രകാരമാണ് ആദ്യഘട്ടത്തിൽ കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള 25 കൂൺ കർഷകരെ സോളനിലേക്ക് പരിശീലനത്തിനായി അയക്കുന്നത്.
കൂൺ ഇനങ്ങളിലെ കൃഷിയിലെ സാങ്കേതികത്വം, ആധുനിക കൃഷി രീതികൾ, കൂൺ ഉൽപ്പന്നങ്ങളുടെ മൂല്യ വർദ്ധനവ്, വൈവിധ്യമാർന്ന കൂൺ വിഭവങ്ങൾ, വാണിജ്യ പ്രാധാന്യമുള്ള കൂൺ ഇനങ്ങളും ഉത്പന്നങ്ങളും തുടങ്ങി വിവിധങ്ങളായ പരിശീലനങ്ങളാണ് ലക്ഷ്യം.
ഹിമാചൽ പ്രദേശിലെ സോളനിലുള്ള ICAR- മഷ്റൂം ഡയറക്ടറേറ്റിൽ ഫെബ്രുവരി 2 മുതൽ 6 വരെയാണ് പരിശീലനം നടക്കുന്നത്. ഈ പരിശീലനം കേരളത്തിലെ കൂൺ കൃഷി മേഖലക്ക് പുതിയ അറിവും നവീന സാങ്കേതിക പിന്തുണയും നൽകും. കൂൺ കൃഷിയെ ഒരു ശക്തമായ കാർഷിക സംരംഭമായി വികസിപ്പിച്ച് കർഷക വരുമാനം വർദ്ധിപ്പിക്കാനും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും ഈ പരിശീലന പരിപാടികൾ സഹായകരമാകും.
ഹോർട്ടികൾച്ചർ മിഷൻ ജോയിന്റ് ഡയറക്ടർ ഷക്കീല പി, അസിസ്റ്റന്റ് ഡയറക്ടർമാരായ നൂബിയ ബഷീർ, സ്വപ്ന ടി ആർ എന്നിവർ പഠന സംഘത്തെ നയിക്കും.
