നീറ്റ് പരീക്ഷ വിവാദം; ഗ്രേസ് മാർക്ക് ലഭിച്ച 1563 വിദ്യാർഥികളുടെ സ്കോർബോർഡ് റദ്ദാക്കാൻ തീരുമാനം, റീടെസ്റ്റ് നടത്തും
- Posted on June 13, 2024
- News
- By Arpana S Prasad
- 293 Views
ജൂണ്‍ 23നായിരിക്കും വിദ്യാർഥികളുടെ റീടെസ്റ്റ്. ജൂണ്‍ 30ന് മുമ്പ് തന്നെ ഫലം പ്രസിദ്ധീകരിക്കുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്
നീറ്റ് പരീക്ഷയില്‍ ഗ്രേസ് മാർക്ക് ലഭിച്ച 1563 വിദ്യാർഥികളുടെ സ്കോർബോർഡ് റദ്ദാക്കാൻ തീരുമാനിച്ച് കേന്ദ്രസർക്കാർ. പരീക്ഷയില്‍ വ്യാപകക്രമക്കേടുണ്ടായെന്ന ആരോപണങ്ങളെ തുടർന്നാണ് സർക്കാർ നടപടി ഉണ്ടായിരിക്കുന്നത്. അതേസമയം ഇവർക്ക് റീടെസ്റ്റിനുള്ള അവസരം നല്‍കുമെന്നും കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്. ജൂണ്‍ 23നായിരിക്കും വിദ്യാർഥികളുടെ റീടെസ്റ്റ്. ജൂണ്‍ 30ന് മുമ്പ് തന്നെ ഫലം പ്രസിദ്ധീകരിക്കുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. വ്യാഴാഴ്ച സുപ്രീംകോടതിയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്.
റീടെസ്റ്റിന് തയാറാകാത്തവർക്ക് ഗ്രേസ് മാർക്ക് ഒഴിവാക്കിയുള്ള സ്കോർ നല്‍കുമെന്നും സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ഒരു കമിറ്റിയെ നിയോഗിച്ചിരുന്നു. ജൂണ്‍ 10,11,12 തീയതികളില്‍ കമിറ്റി യോഗം ചേരുകയും ഗ്രേസ്മാർക്ക് ലഭിച്ച വിദ്യാർഥികളുടെ സ്കോർ കാർഡ് റദ്ദാക്കാനും ഇവർക്ക് റീടെസ്റ്റ് നടത്താനും ശിപാർശ ചെയ്യുകയായിരുന്നുവെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു.
